cross

കൊച്ചി: യാക്കോബായ ദേവാലയങ്ങളുടെ അവകാശം നിലനിറുത്താൻ നിയമനിർമ്മാണം വേണമെന്നാവശ്യപ്പെട്ട് സഭ സംഘടിപ്പിച്ച അവകാശ സംരക്ഷണയാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും. ജനുവരി ഒന്നു മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. സത്യഗ്രഹം സഭാതലവൻ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ സെന്റ് പീറ്റേഴ്സ് പള്ളി അങ്കണത്തിലും സത്യഗ്രഹം അനുഷ്ഠിക്കും. പള്ളികൾ കൈമാറുന്നത് ചെറുക്കാൻ ലക്ഷ്യമിട്ടാണ് പ്രതിഷേധം.

വയനാട്ടിലെ മീനങ്ങാടി കത്തീഡ്രലിൽ നിന്ന് 15നാണ് യാത്ര ആരംഭിച്ചത്. നാളെ രാവിലെ 1.30 മുതൽ 12 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ വിശദീകരണയോഗം ചേരും. മെത്രാപ്പോലീത്തമാരും സഭാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പ്രസംഗിക്കും. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് വിശ്വാസികൾ ഒപ്പിട്ട ഭീമഹർജി സമർപ്പിക്കും. സർക്കാർ നിയമനിർമ്മാണം നടത്തുംവരെ സത്യാഗ്രഹം തുടരുമെന്ന് വൈദികർക്കും പള്ളി ഭാരവാഹികൾക്കും നൽകിയ സർക്കുലറിൽ സഭ അറിയിച്ചു.

 കോതമംഗലത്ത് ഉപരോധം

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാൻ നടപടിയാരംഭിച്ച സാഹചര്യത്തിൽ ജനുവരി ഒന്നു മുതൽ പ്രതിഷേധം പുനഃരാരംഭിക്കും. വിവിധ സംഘടനകൾ ചേർന്ന് രൂപീകരിച്ച മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റിലേ സത്യഗ്രഹം, കോതമംഗലത്ത് ദേശീയപാത ഉപരോധം എന്നിവ സംഘടിപ്പിക്കുമെന്ന് സമിതി ചെയർമാൻ എ.ജി. ജോർജ് അറിയിച്ചു. ജനുവരി എട്ടിനകം ചെറിയപള്ളി ഏറ്റെടുക്കാൻ സർക്കാരിന് ഹൈക്കോടതി അന്ത്യശാസനം നൽകിയിട്ടുണ്ട്.

'സഭാതർക്കം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളെ യാക്കോബായസഭ സ്വാഗതം ചെയ്യുന്നു. സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ നിയമനിർമ്മാണമാണ് ആവശ്യം".

- ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത

മെത്രാപ്പോലീത്തൻ ട്രസ്റ്റി

യാക്കോബായസഭ