കളമശേരി: ശ്രാമ്പിക്കൽ പത്മനാഭ മേനോന്റെ 'ആനന്ദ ലഹരി ' കവിതാ സമാഹാരം കൃഷ്ണൻകുറൂർ പ്രകാശനം ചെയ്തു.
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ
ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ.ടി.എം.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ പ്രതി ഡോ.എൻ.സി.ഇന്ദുചൂഢന് ഏറ്റുവാങ്ങി. ഡോ. കെ.ശിവ പ്രസാദ്, ശ്രീലകം വിജയവർമ്മ, കെ.ആർ. ചന്ദ്രശേഖരൻ, സുശീല വിശ്വനാഥൻ, പി.കെ. കൃഷ്ണൻ, കെ.കെ.ബോസ് തുടങ്ങിയവർ സംസാരിച്ചു.
വിസ്മൃതനായ കവി
ഇടപ്പള്ളിയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള , ഇടപ്പള്ളി രാഘവൻപിള്ള ,ഇടപ്പള്ളി കരുണാകരമേനോൻ, മേലങ്ങത്ത് അച്യുതമേനോൻ എന്നീ പ്രശസ്തരുടെ കാലത്ത് ജീവിച്ചിരുന്ന കവിയാണ് ശ്രാമ്പിക്കൽ പത്മനാഭ മേനോൻ. 1961ൽ മരിച്ച അദ്ദേഹത്തിന്റെ കൃതികൾ ആദ്യമായാണ് പ്രകാശിതമാകുന്നത്. അദ്ദേഹത്തിന്റെ ഛായാചിത്രം പോലും ലഭ്യമല്ല. ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മാത്രമായിരുന്നു സൃഷ്ടികൾ പ്രസിദ്ധീകരിക്കപ്പെട്ടത്.
പ്രശസ്ത സാഹിത്യ നിരൂപകനും ഇടപ്പള്ളി കരുണാകരമേനോന്റെ മകനുമായ പ്രൊഫ. എസ്.കെ.വസന്തന്റെ കാവ്യശേഖരത്തിൽ നിന്നാണ് കവിതകൾ ലഭിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഇതു പ്രസിദ്ധീകരക്കലും . ഇടപ്പള്ളി എന്റെ നാട് എന്ന വാട്സ് ആപ്പ് കൂട്ടായ്മ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.