eliyamma

പിറവം : പിറവം നഗരസഭ അദ്ധ്യക്ഷയായി ഏലിയാമ്മ ഫിലിപ്പ് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കും. കെ.പി സലീമാണ് വൈസ് ചെയ‌ർമാൻ സ്ഥാനാർത്ഥി. 27 അംഗങ്ങളുള്ള സഭയിൽ 15 പേരുടെ ഭൂരിപക്ഷം ഇടതിനുണ്ട്. അതിനാൽ ഇരുവരും തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എറണാകുളത്ത് ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് ഇരുവരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത്. നഗരസഭാ കൗൺസിലിന്റെ അവസാന രണ്ടു വർഷം ചെയർമാൻ സ്ഥാനം സി.പി.ഐക്ക് നൽകാനാനാണ് ധാരണ.സി.പി.ഐയിലെ അഡ്വ. ജൂലി സാബുവാണ് രണ്ടാം ഘട്ടത്തിൽ ചെയർപേഴ്സണാകുക. മുൻ ജില്ലാ പഞ്ചായത്ത് അംഗമാണ് ജൂലി. ഇന്നലെ ചേർന്ന നഗരസഭയിലെ എൽ.ഡി.എഫ് യോഗവും പാർലമെന്ററി പാർട്ടി യോഗവും സ്ഥാനാർത്ഥികളെ അംഗീകരിച്ചു. പിറവം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായരുന്നു ഏലിയാമ്മ ഫിലിപ്പ്. ജനാധിപത്യ മഹിളാ അസോസിയേഷൻ പിറവം യൂണിറ്റ് പ്രസിഡന്റുമാണ്. യു.ഡി.എഫിലെ ഐഷ മാധവനെ തോല്പിച്ചാണ് 13 ാം ഡിവിഷനിൽ നിന്ന് ഏലിയാമ്മ തിരഞ്ഞെടുക്കപ്പെട്ടത്.

സി.പി.എമ്മിന്റെ പിറവത്തെ മുതിർന്ന നേതാവാണ് കെ.പി. സലിം. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ത്രികോണമത്സരത്തിലാണ് 24 ാം ഡിവിഷനിൽ നിന്ന് വിജയിച്ചത്.

യു.ഡി.എഫിൽ നിന്ന് പിറവം നഗരസഭ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. സി.പി.എം 10, സി.പി.ഐ 3, ജനതാദൾ എസ് 1, കേരള കോൺഗ്രസ് ജോസ് കെ.മാണി 1 എന്നാണ് എൽ.ഡി.എഫിലെ കക്ഷിനില.