cancer1cancer2

400 കോടി രൂപയുടെ പദ്ധതി

ഗുണനിവാരം പോരേപോര

നിറുത്തിയത് രണ്ടാംതവണ

കൊച്ചി: ഗുണനിരവാരക്കുറവ് മൂലം രണ്ടാംതവണയും നിറുത്തിവച്ച കൊച്ചി കാൻസർ സെന്റർ സമുച്ചയത്തിന്റെ നിർമ്മാണത്തിലും പാലാരിവട്ടം മോഡൽ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായി. കരാറുകാരനെ ഒഴിവാക്കിയ സാഹചര്യത്തിൽ ടെൻഡർ ഒഴിവാക്കി വിശ്വസനീയ ഏജൻസിയെ തുടർനിർമ്മാണം ഏല്പിക്കണമെന്നാണ് ആവശ്യം.

കളമശേരിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണത്തിൽ ഗുണനിലവാരവും സമയക്രമവും പാലിക്കാൻ കരാറുകാരും നിർമ്മാണച്ചുമതല വഹിക്കുന്ന ഇൻകെലും തയ്യാറായില്ല. രണ്ടുതവണ നൽകിയ മുന്നറിയിപ്പ് പാലിക്കാത്തതിനെ തുടർന്നാണ് നിർമ്മാണം നിറുത്തിവയ്ക്കാൻ കിഫ്ബി നിർദേശിച്ചത്.

പുതിയ ടെൻഡർ വിളിച്ച് നിർമ്മാണം ഏല്പിച്ചാൽ ആറുമാസം വരെ നഷ്ടമാകും. ടെൻഡർ ഒഴിവാക്കി നൽകാവുന്ന ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളെ ഏല്പിച്ചാൽ വേഗത്തിൽ പണികൾ നടത്താൻ കഴിയും. ബലക്ഷയം ബാധിച്ച പാലാരിവട്ടം ഫ്ളൈ ഓവർ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ സഹായത്തോടെ ഉൗരാളുങ്കൽ സൊസൈറ്റി പുനർനിർമ്മിക്കുന്ന മാതൃക സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഉൾപ്പെടെ നിർദ്ദേശിക്കുന്നത്.

കരാറുകാർ കോടതിയിലേയ്ക്ക്

ചെന്നൈയിലെ പി.ആൻഡ് സി കൺസ്ട്രക്ഷൻസാണ് 400 കോടി ചെലവുള്ള പദ്ധതിയുടെ കരാറുകാർ. കരാർ റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അവർ പറയുന്നു. കേസ് വന്നാൽ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ആശുപത്രി സമുച്ചയം നിർമ്മിച്ച് യാതൊരു മുൻപരിചയവും ഇൻകെലിലും കരാർ കമ്പനിക്കുമില്ല. രാജ്യത്തെ ആശുപത്രി രൂപകല്പന, നിർമ്മാണ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹോസ്പിറ്റൽ സർവീസസ് കൺസൾട്ടൻസി കോർപ്പറേഷൻ (എച്ച്.എസ്.സി.സി) യെ ഒഴിവാക്കി കാൻസർ സെന്റർ പോലെ സുപ്രധാനമായ നിർമ്മാണം ഇൻകെലിന് നൽകിയതിന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

മുന്നറിയപ്പ് രണ്ടും പാഴായി

നവംബർ ആറിന് കിഫ്ബിയുടെ പരിശോധനാ വിഭാഗം ഇൻകെലിന് നിർമ്മാണത്തിന്റെ വേഗം കൂട്ടാനും പിഴവുകൾ പരിഹരിക്കാനും നിർദേശങ്ങൾ നൽകിയിരുന്നു. ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണ് കെട്ടിടം പണി നിറുത്തിവയ്പ്പിച്ചതെന്ന് കിഫ്ബി അറിയിച്ചു. രണ്ടാം തവണയാണ് ഇത്തരമൊരു കടുത്ത തീരുമാനം കിഫ്ബി കൈക്കൊണ്ടത്. കരാർ പ്രകാരം കഴിഞ്ഞ ജൂലായ് 25 ന് പൂർത്തിയാക്കേണ്ട പദ്ധതിയാണിത്. 37 ശതമാനം നിർമ്മാണം മാത്രമാണ് പൂർത്തിയായത്. 2019 നവംബറിൽ നിർമ്മാണത്തിനിടെ കെട്ടിടഭാഗം ഇടിഞ്ഞുവീണിരുന്നു. നിർമ്മാണത്തിലെ ഗുരുതര പിഴവുകളും കാലതാമസവും തിരുത്താൻ കിഫ്ബി നിർദേശിച്ചിരുന്നു. മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചില്ല. രണ്ടാമതും പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിറുത്തിവയ്പിച്ചത്.

അന്വേഷിക്കുമെന്ന് ഇൻകെൽ
പ്രശ്‌നങ്ങൾ പരിഹരിക്കാൻ കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിൽ ഇൻകെലിന്റെ എം.ഡി മോഹൻലാൽ, കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് തുടങ്ങിയവർ യോഗം ചേർന്നിരുന്നു. ഗുണനിലവാരത്തിലും സമയക്രമത്തിലും വന്ന പ്രശ്‌നങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി ഇൻകെൽ എം.ഡി അറിയിച്ചു.കരാറുകാരൻ തുടർച്ചയായി വീഴ്ചകൾ വരുത്തുന്ന സാഹചര്യത്തിൽ കരാർ റദ്ദാക്കാനും പുതിയ കരാറിനും ഇൻകെൽ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള കരാർ റദ്ദാക്കുന്നതിനും അവശേഷിക്കുന്ന പ്രവൃത്തികളുടെ ടെൻഡറിംഗിനും നടപടിക്രമങ്ങൾ ഒരുമിച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.