കൊച്ചി: ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കൊച്ചി കോർപ്പറേഷനിലേക്ക് ഇന്ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ആകെയുള്ള 74 ൽ സ്വതന്ത്രരുടേതടക്കം 36 വോട്ടിന്റെ പിൻബലമുള്ള എൽ.ഡി.എഫിനാണ് വിജയപ്രതീക്ഷയെങ്കിലും ത്രികോണ മത്സരം നടക്കുന്നതുകൊണ്ട് അപ്രതീക്ഷിതമായ അത്ഭുതങ്ങളും പ്രതീക്ഷിക്കാം. എൽ.ഡി.എഫിന് 36 ന് പുറമെ യു.ഡി.എഫ് 32, എൻ.ഡി.എ 5, ആരെയും പിന്തുണയ്ക്കാത്ത സ്വതന്ത്രൻ 1 എന്നതാണ് കക്ഷിനില.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകിട്ടുന്നയാൾ വിജയിക്കില്ല. മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയാലെ വിജയിക്കു. അങ്ങനെവരുമ്പോൾ കോർപ്പറേഷനിൽ വിജയപ്രതീക്ഷയുള്ള എൽ.ഡി.എഫിന് 36 വോട്ടുകിട്ടിയാലും യു.‌ഡി.എഫും, എൻ.ഡി.എയും നേടുന്ന ആകെ വോട്ടിനേക്കാൾ കൂടുതലാവില്ല. അതായത് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടാവുന്ന 32 ഉം എൻ.ഡി.എയ്ക്ക് കിട്ടാവുന്ന 5 ഉം ചേർത്താൽ 37 ആകും. അതുകൊണ്ട് 38 വോട്ടെങ്കിലും കിട്ടിയെങ്കിൽ മാത്രമേ ആദ്യറൗണ്ടിൽതന്നെ വിജയിക്കാനാകു. ഇത്തരം പ്രതിസന്ധിഘട്ടത്തിൽ ഏറ്റവും കുറവ് വോട്ടുലഭിച്ച ഒരു സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുകയാണ് കീഴ്‌വഴക്കം. നിലവിലെ കക്ഷിനില അനുസരിച്ച് എൻ.ഡി.എ സ്ഥാനാർത്ഥിയെയാകും മാറ്റിനിറുത്തുക.

തുടർന്നുള്ള വോട്ടെടുപ്പിൽ എൻ.ഡി.എ എന്തുനിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും മറ്റ് മുന്നണികളുടെ ജയപരാജയം. എൻ.ഡി.എ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ ബാക്കിയുള്ള അംഗബലത്തിൽ ഏറ്റവും കൂടുതൽ വോട്ടുനേടി എൽ.ഡി.എഫിന് വിജയിക്കാം. അതല്ല, എൻ.ഡി.എ വോട്ടെടുപ്പിൽ പങ്കെടുത്താൽ കണക്കുകൂട്ടലുകൾ പിഴക്കാം. ഇരുമുന്നണികളിലേയും ഏതെങ്കിലും സ്ഥാനാർത്ഥികളുടെ വോട്ട് അസാധുവായാലും ഫലം അപ്രതീക്ഷിതമാകും. ഇതിനിടയിൽ നിഷ്പക്ഷനിലപാട് സ്വീകരിച്ചിരിക്കുന്ന ഏക സ്വതന്ത്രന്റെ വോട്ടിനും പ്രാധാന്യമുണ്ട്.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടിൽ ഇടതുമുന്നണിയിലെ സി.പി.എം സ്ഥാനാർത്ഥി എം. അനിൽകുമാർ കൊച്ചി മേയർ ആയും, സി.പി.ഐ യിലെ കെ.എം. അൻസിയ ഡെപ്യൂട്ടി മേയർ ആയും വിജയിക്കും.

യു.ഡി.എഫ്

യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് ആന്റണി കുരീത്തറയേയും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി സീന ഗോകുലനേയും മത്സരിപ്പിക്കാനാണ് തീരുമാനം.

എൻ.ഡി.എ

സുധ ദിലീപ് കുമാറിനെ മേയർ സ്ഥാനാർത്ഥിയായും പ്രിയ പ്രശാന്തിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിപ്പിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു.