

കളമശേരി: മഞ്ജുനാഥ് ഒരിക്കൽ പോലും എം.കെ.കെ നായരെ കണ്ടിട്ടില്ല. ഒരു സഹായവും സ്വീകരിച്ചിട്ടുമില്ല. എന്നിട്ടും ജീവിതത്തോട് ചേർത്തു വച്ചിരിക്കുകയാണ് ആ നല്ല മനുഷ്യന്റെ ഛായാചിത്രവും ഓർമ്മകളും. മഞ്ജുവിന്റെ വീടിന്റെ ഊണുമുറിയുടെ ചുവരിൽ എം.കെ.കെയുടെ വലിയ ചിത്രമുണ്ട്. അന്നം ഭക്ഷിക്കുമ്പോൾ നന്ദിയോടെ ഓർമ്മിക്കുന്നതിനാണിത്. ഫിസിക്കൽ ടെസ്റ്റ് പാസായി സ്വന്തം കഴിവു കൊണ്ട് ഫാക്ടിൽ ജോലിയിൽ കയറിയതാണെങ്കിലും ഫാക്ട് എന്ന സ്ഥാപനം അദ്ദേഹത്തിന്റെ കൈയൊപ്പല്ലേ എന്നാണ് മറുപടി.
ആന്ധ്രക്കാരനായ വിനൂപ് രാജ് ഫാക്ടിൽ നിന്നും റിട്ടയർ ചെയ്തു പോകുമ്പോൾ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയ്ക്കു മുന്നിലെത്തി കുടുംബസമേതം പുഷ്പാർച്ചന നടത്തി. വിനുപ് രാജുവിനും ആ മനുഷ്യനെക്കുറിച്ച് കേട്ടറിവേയുള്ളൂ.
ആ മൂന്നക്ഷരം ഭയഭക്തി ബഹുമാനത്തോടെ പറയുന്ന മറ്റൊരാളാണ് വേലപ്പൻ നായർ. സർവ്വീസിലിരിക്കെ വല്ലപ്പോഴും അദ്ദേഹത്തിന്റെ സാരഥിയാകാൻ ഭാഗ്യം ലഭിച്ച വ്യക്തി.
മാർക്കറ്റിംഗ് ഡയറക്ടറായി വിരമിച്ച ഡി.നന്ദകുമാറും സർവ്വീസിൽ നിന്നും വിരമിക്കുന്ന ദിവസം എം.കെ.കെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.
എം.കെ.കെയോടൊപ്പം ജോലി ചെയ്തവരും അദ്ദേഹത്തിന്റെ സഹായം വേണ്ടുവോളം കിട്ടിയ വരും പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടായില്ല. പലരും പിന്നിൽ നിന്ന് കുത്തി. എന്നിട്ടും ആരോടും പരിഭവമില്ലാതെ സ്വന്തം കഷ്ടപ്പാടുകൾ പങ്കുവയ്ക്കാതെ നാടിന്റെ വികസനത്തെക്കുറിച്ച് മാത്രം ചിന്തിച്ചു ജീവിച്ചു മരിക്കുകയായിരുന്നു അദ്ദേഹം.