
ഫോർട്ട്കൊച്ചി: പുതുവർഷത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആരവങ്ങളും ആഘോഷങ്ങളും ഇനി ഫോർട്ട് കൊച്ചിക്ക് സ്വപ്നം മാത്രം. കൊവിഡ് മഹാമാരി പുതുവത്സരാഘോഷങ്ങൾക്ക് വിലങ്ങ് തടിയായി.
ഡിസംബർ ആദ്യവാരം യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിക്കുക. തുടർന്ന് ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് ജനുവരി ഒന്നിന് തിരശീല വീഴും. സ്വദേശികളും വിദേശികളും ഉൾപ്പടെ പതിനായിരങ്ങൾ പുതുവർഷാഘോഷത്തിന് ഒഴുകി എത്തും. ഫോർട്ട് കൊച്ചി വെളി മുതൽ കമാലക്കടവ് വരെ വീഥികൾ തോരണങ്ങളാൽ അലംകൃതമായിരിക്കും. വെളിയിലെ കൂറ്റൻ മരത്തിൽ നക്ഷത്ര വിളക്കുകളും തോരണങ്ങളും തൂക്കാൻ മാത്രം മാസങ്ങളെടുക്കും. ഇതിന് മാത്രം ലക്ഷങ്ങൾ ചെലവാകും. അന്യം നിന്നു പോയ നാടൻ കളികളും കലാരൂപങ്ങളും ഈ ഒരു മാസം വിവിധ വേദികളിൽ അരങ്ങേറും. ബൈക്ക് റേസ് കാണുവാനും പങ്കെടുക്കാനും യുവാക്കൾ വിദേശത്ത് നിന്ന് വരെ എത്തും. അതെല്ലാം ഇക്കുറി ഓർമ്മകൾ മാത്രമായി.
31ന് രാത്രി കൂറ്റൻ പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഇക്കുറി പുതുവത്സരാഘോഷമില്ല. ഘോഷയാത്രയും സ്വപ്നം. ബീച്ച് തുറന്നതോടെയാണ് ഉറങ്ങിക്കിടന്ന ഫോർട്ട്കൊച്ചി ഒന്ന് ഉഷാറായത്. ആരവങ്ങളും ആഘോഷങ്ങളും ഒന്നുമില്ലെങ്കിലും കൊച്ചിക്കാർ ഇവിടെ എത്തും. ഓർമ്മകൾ കാത്തുസൂക്ഷിക്കാൻ.