ആലുവ: ആലുവ ഏരിയയിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് സി.പി.എമ്മിൽ തീരുമാനമായി. ഏരിയ കമ്മിറ്റി തീരുമാനം ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി അംഗീകരിച്ചു. അതേസമയം യു.ഡി.എഫിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഏരിയക്ക് കീഴിലെ കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിന് കേവല ഭൂരിപക്ഷമുള്ളത്. കടുങ്ങല്ലൂരിൽ ഇടത് - വലത് മുന്നണികൾക്ക് തുല്യസീറ്റുകളാണ്. ആലുവ നഗരസഭയിലും ചൂർണിക്കര ഗ്രാമപഞ്ചായത്തിലുമാണ് യു.ഡി.എഫിന് ഭൂരിപക്ഷം. എടത്തലയിലും കടുങ്ങല്ലൂരിലും വൈസ് പ്രസിഡന്റ് സ്ഥാനം യഥാക്രമം എൻ.സി.പിക്കും സി.പി.ഐക്കും നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതിനാൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.

കീഴ്മാട് ഗ്രാമപഞ്ചായത്ത്

എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണ്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. അഞ്ചാം വാർഡിൽ നിന്നും ജയിച്ച സതി ടീച്ചർ പ്രസിഡന്റാകും. 16ൽ അട്ടിമറി വിജയം നേടിയ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അഭിലാഷ് അശോകൻ വൈസ് പ്രസിഡന്റുമാകും. സതി നിലവിൽ പഞ്ചായത്തംഗവും അഭിലാഷ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.

എടത്തല ഗ്രാമപഞ്ചായത്ത്

എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണ്. ഇവിടെയും പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിലെ പ്രീജ കുഞ്ഞുമോൻ പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനത്തിന് എൻ.സി.പി ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.എ. അബ്ദുൾ ഖാദർ, അഫ്‌സൽ കുഞ്ഞുമോൻ എന്നിവരാണ് വിജയിച്ച എൻ.സി.പി അംഗങ്ങൾ. സി.പി.എം തന്നെ ഏറ്റെടുത്താൽ ഏരിയ കമ്മിറ്റിയംഗം എം.എ. അജീഷ് വൈസ് പ്രസിഡന്റാകും.


കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷമില്ല. 21 അംഗ ഭരണസമിതിയിൽ എട്ട് സീറ്റ് വീതമാണ് ഇരുമുന്നണികൾക്കും. ബി.ജെ.പിക്ക് മൂന്നും എസ്.ഡി.പി.ഐയ്ക്കും രണ്ട് സീറ്റുണ്ട്. ഇരുമുന്നണികളും ഇവരുടെ പിന്തുണ തേടില്ല. സി.പി.എം പ്രസിഡന്റ് സ്ഥാനാർത്ഥിയായി വി.കെ. ശിവനെ നിശ്ചയിച്ചു. രാജലക്ഷ്മിക്കായി സി.പി.ഐ വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം ഏറ്റെടുത്താൽ പ്രജിത വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി സുരേഷ് മുട്ടത്തിലും വൈസ് പ്രസിഡന്റായി ഷാഹിന ബീരാനുമാണ് ചർച്ചയിലുള്ളത്.

ചൂർണിക്കര ഗ്രാമപഞ്ചായത്ത്

യു.ഡി.എഫിന് തനിച്ച് ഭൂരിപക്ഷമുള്ള ഇവിടെ പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി റംല അഷറഫും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കെ. ദിലേഷുമാണ്. യു.ഡി.എഫിൽ രാജി സന്തോഷും ബാബു പുത്തനങ്ങാടിയുമാണ് യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.