
കുറുപ്പംപടി : പരാതികൾക്കും പ്രതിഷേധങ്ങളും ഒടുവിൽ ഫലം കണ്ടു. മുടക്കുഴ പഞ്ചായത്തിലെ തുരുത്തിച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരത്തിന് ഒരുങ്ങുന്നത്. ഇതിനായ് 13.30 ലക്ഷം അനുവദിച്ചു.പഞ്ചായത്തിലെ 6,7 വാർഡുകളിലൂടെയുള്ള ജലസേചനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. മറ്റു നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ചാൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ വർഷത്തെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
പദ്ധതിക്കായി മോട്ടോർപുര നിർമ്മിക്കും. നിലവിലെ പൈപ്പുകൾ മാറ്റി ഏകദേശം 600 മീറ്ററോളം പുതിയ പൈപ്പുകൾ സ്ഥാപിക്കും. പഞ്ചായത്തിലെ വാർഡുകളിലെ സുഗമമായ കൃഷി ആവശ്യത്തിനും കിണറിലെ ജലനിരപ്പ് നിലനിർത്തുന്നതിനും ഈ പദ്ധതി ഗുണകരമാണ്. ഏകദേശം 600 കുടുംബങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കുള്ള ജലം പദ്ധതിയിലൂടെ ലഭിക്കും.
1973 ലാണ് തുരുത്തിച്ചിറ ജലസേചന പദ്ധതിക്ക് ആരംഭിച്ചത്. സമീപത്തെ തുരുത്തിച്ചിറയിൽ നിന്ന് ശേഖരിക്കുന്ന ശുദ്ധജലം കോൺക്രീറ്റ് തോട് വഴി വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു പദ്ധതി. 47 കൊല്ലം മുമ്പ് സ്ഥാപിച്ച മോട്ടോർ പുരയും മോട്ടറും കാലപ്പഴക്കം മൂലം നശിച്ചു. പിന്നീട് മാറ്റി സ്ഥാപിച്ചിട്ടില്ല. ഇതോടൊപ്പം സ്ഥാപിച്ച പൈപ്പുകളും ദ്രവിച്ചു.