malinyam

കോലഞ്ചേരി: പരിയാരം ലക്ഷംവീട് കോളനിക്ക് സമീപം സ്ഥിതി ചെയ്യുന്ന റബർ തോട്ടത്തിനോട് ചേർന്നുള്ള തൊണ്ടിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. പൂതൃക്ക പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ് മീമ്പാറയിൽ സ്ഥിതി ചെയ്യുന്ന പൂത്തിലച്ചി മലയുടെ താഴ്‌വാരത്താണ് ഇരുട്ടിന്റെ മറവിൽ വ്യാപകമായി മാലിന്യം കൊണ്ടിടുന്നത്. കാ​റ്ററിംഗ് വെയ്സ്​റ്റ് ഉൾപ്പടെയുള്ള പ്ലാസ്​റ്റിക്ക് മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. തീർത്തും വിജനമായ ഈ പ്രദേശത്ത് വഴിവിളക്കുകളോ മുന്നറിയിപ്പ് ബോർഡുകളോയില്ല. മഴ പെയ്താൽ മലവെള്ളം ഈ തൊണ്ട് വഴിയാണ് താഴേക്ക് ഒഴുകുന്നത്. ഇത് പ്രദേശത്ത് പകർച്ചവ്യാധികൾ പടരാനും കിണറുകളും കുളങ്ങളും മലിനമാകാനും കാരണമാകുമെന്ന ആശങ്കയുമുണ്ട്. അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.