
കോലഞ്ചേരി:നിയന്ത്റണം വിട്ട കാർ 30 അടി താഴച്ചയുള്ള പെരിയാർവാലി കനാലിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പട്ടിമറ്റം പുത്തൻകോട്ട നിതീഷ് (35), വടയമ്പാടി പത്താംമൈൽ സംഗീത് (28) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കടയിരുപ്പ് എൽ.പി സ്‌കൂളിന് സമീപമുള്ള പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേയക്കാണ് കാർ മറിഞ്ഞത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കനാൽ ബണ്ട് റോഡിൽ നിന്നും പ്രധാന റോഡിലേയ്ക്ക് പ്രവേശിച്ച കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് കനാലിലേയ്ക്ക് പതിച്ചത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകരാണ് കാറിലുണ്ടിയിരുന്നവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡായിരുന്നിട്ടും സുരക്ഷാ കൈവരികൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് പെരുകാൻ കാരണം. ബി.എം,ബി.സി നിലവാരത്തിൽ വീതി കൂട്ടി റോഡ് നിർമ്മാണം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടു. കാലങ്ങളായി ഇവിടെ കൈവരി സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതർ ഇക്കാര്യം അവഗണിക്കുന്നതായി പരാതിയുണ്ട്. റോഡിനിരുവശത്തും കാനൽ ബണ്ട് റോഡുകളിലും കൈവരി സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ