pradeepkumaar
രമ സന്തോഷ് ചെയർപേഴ്സനും കെ.കെ. പ്രദീപ്കുമാർ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ എൽ.ഡി.എഫിലെ രമ സന്തോഷ് ചെയർപേഴ്സനും കെ.കെ. പ്രദീപ്കുമാർ വൈസ് ചെയർമാനുമാകും. ഇന്ന് തി​ങ്കൾ നടക്കുന്ന ചെയർപേഴ്സൺ ,വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇരുവരേയും മത്സരിപ്പിക്കുവാൻ ഇന്നലെ ചേർന്ന സി.പി. എം ഏരിയാ കമ്മിറ്റി തീരുമാനിച്ചു.എൻ.ഡി.എയും യു.ഡി.എഫും മത്സരിക്കുന്നുണ്ടെങ്കിലും ആകെയുള്ള 49 വാർഡുകളിൽ 25 സീറ്റ് നേടിയ ഇടതു മുന്നണിയ്ക്ക് വിജയം ഉറപ്പാണ്.

മുപ്പതാം വാർഡായ പാവംകുളങ്ങരയിൽ നിന്നാണ് രമ സന്തോഷ് വിജയിച്ചത്. തെക്കുംഭാഗം പള്ളിക്കത്തറയിൽ വീട്ടിലാണ് താമസം. ബി.കോം ബിരുദധാരിയാണ്. ഭർത്താവ് സന്തോഷ് കെട്ടിട നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനം നടത്തുന്നു.മക്കൾ വിനായക് പി. സന്തോഷും വിധു നിവൃതയും.

കെ.കെ. പ്രദീപ് കുമാർ വടക്കേ വൈമീതി വാർഡിൽ നിന്നാണ് വിജയിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യുട്ടീവ് അംഗവുമാണ്. കൂടാതെ ഗവ. ഗേൾസ് ഹൈസ്ക്കൂൾ പി.ടി എ. പ്രസിഡന്റ് , നാഷണൽ പാരന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് , ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 2000ലും മുനിസിപ്പൽ കൗൺസിലിൽ അംഗമായിരുന്നു. ഭാര്യ: ജയ.മക്കൾ:അമൽ, അനന്യ .