ഏലൂർ: ഫാക്ടിലെ റിഗ്ഗർ നിയമനത്തിൽ വൻ അഴിമതി നടന്നതായി ബി.എം.എസ് യൂണിയൻ ആരോപിച്ചു. ഓരോ നിയമനത്തിനും ഇടനിലക്കാർ വൻതുക കൈപ്പറ്റുകയും ചില ഉദ്യോഗസ്ഥർ പങ്കപറ്റുകയും ചെയ്തിട്ടുണ്ടെന്ന് ഗുരുതര ആക്ഷേപമുണ്ട്. വിജിലൻസ് അന്വേഷണം വേണമെന്നാണ് യൂണിയന്റെ ആവശ്യം. എസ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് കുത്തഴിഞ്ഞ പുസ്തകം പോലെയാണെന്നും വലിയ കൃത്യവിലോപവും അലംഭാവവും തുടർന്നിട്ടും മാനേജ്മെന്റ് നിരുത്തരവാദപരമായ നിലപാട് തുടരുകയാണെന്നും യൂണിയൻ കുറ്റപ്പെടുത്തി നോട്ടീസ് പ്രസിദ്ധീകരിച്ചു. മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (ബി.എം.എസ്) ധർണ നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി മധുകുമാർ ഉദ്ഘാടനം ചെയ്തു.
എഫ്.ഇ.ഒ. ജനറൽ സെക്രട്ടറി പി കെ സത്യൻ, വർക്കിംഗ് പ്രസിഡന്റ് എം ജി ശിവശങ്കരൻ , മേഖല പ്രസിഡൻ്റ് മോഹനൻ , വൈസ് പ്രസിഡൻ്റ് ശിവദാസ് , നഗരസഭാ കൗൺസിലർമാരായ കൃഷ്ണപ്രസാദ്, എസ്.ഷാജി, ഭായ് ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ ഭാരവാഹികളായ എം.കെ.സുഭാഷണൻ , വി.ജി.രവീന്ദ്രനാഥ്, നന്ദകുമാർ, ജയദേവൻ , പ്രവീൺ ,യദു പി.എസ് തുടങ്ങിയവർ ധർണ്ണയ്ക്കു നേതൃത്വം നൽകി.