kochi-metro

കൊച്ചി: 2020 ൽ പൂർത്തിയായ ഗെയിൽ പൈപ്പ്ലൈൻ, മെട്രോ റെയിൽ എന്നിവ രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതികളാണ്. ഇന്ധനരംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് വഴിയാരുക്കുന്ന ഗെയിലിന്റെ കൊച്ചി മുതൽ മംഗലാപുരം വരെ നീളുന്ന എൽ.എൻ.ജി പൈപ്പ്ലൈൻ സമ്പദ്‌വ്യവസ്ഥയെപ്പോലും ശക്തമാക്കും. എൽ.എൻ.ജി പൂർണതോതിൽ വിതരണം ചെയ്യുമ്പോൾ പ്രതിവർഷം 700 കോടി രൂപ സംസ്ഥാനത്തിന് നികുതിയായി ലഭിക്കും.അനാവശ്യസമരങ്ങൾ മൂലം ഏഴുവർഷം നീണ്ടുപോയ പദ്ധതിയാണ് ജനുവരി അഞ്ചിന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്.പാചകത്തിന് എൽ.എൻ.ജി ഉപയോഗിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും കൊച്ചിയിൽ തുടക്കം കുറിച്ചു.

പൈപ്പുകളിലാണ് ഗ്യാസ് വീടുകളിൽ എത്തിക്കുന്നത്.വാഹനങ്ങൾക്ക് ഇന്ധനമായി കമ്പ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) എന്ന പേരിലാണ് നൽകുന്നത്. സി.എൻ.ജി പമ്പുകൾ വഴി വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാം. വിലക്കുറവും മലിനീകരണവും തീരെ കുറവ്.കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലും ഒരേസമയം എൽ.എൻ.ജി ടെർമിനൽ നിർമ്മിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. എണ്ണക്കമ്പനികൾ ചേർന്ന് പെട്രോനെറ്റ് എൽ.എൻ.ജി എന്ന കമ്പനി രൂപീകരിച്ചു. രണ്ടിടത്തും ഒരേസമയം നിർമ്മാണം ആരംഭിച്ചെങ്കിലും ആദ്യം പൂർത്തിയായത് ദഹേജിലാണ്.

കൊച്ചിയിൽ 3000 കോടി രൂപ ചെലവിൽ 2013 ടെർമിനൽ പൂർത്തിയായി. പൈപ്പ്ലൈനെതിരെ തൃശൂർ മുതൽ വടക്കോട്ട് പ്രതിഷേധം ശക്തമായി. സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും തടസപ്പെട്ടു. മുൻ യു.ഡി.എഫ് സർക്കാരിന് പ്രതിഷേധം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. പിണറായി വിജയൻ സർക്കാർ കർശനനിലപാട് സ്വീകരിച്ചതോടെ പ്രതിഷേധങ്ങൾ ദുർബലമായി. തിരുവനന്തപുരം വരെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ രൂപരേഖ തയ്യാറാക്കിവരികയാണ്.

എൽ.എൻ.ജി പദ്ധതി

വിദേശത്തുനിന്ന് പ്രകൃതിവാതകം ദ്രാവകരൂപത്തിലാക്കി കപ്പലിൽ ടെർമിനലുകളിൽ എത്തിക്കും. ഇവിടെ വീണ്ടും വാതകമാക്കി പൈപ്പ്ലൈനുകൾ വഴി വിതരണം ചെയ്യും. ഫാക്ട് പോലെ വൻകിട വ്യവസായങ്ങൾക്ക് ലാഭകരമായ ഇന്ധനമാണിത്.

പൈപ്പ്ലൈൻ

കൊച്ചി മംഗലാപുരം 444 കിലോമീറ്റർ

കേരളത്തിൽ 409 കിലോമീറ്റർ

കൊച്ചി കൂറ്റനാട് (പാലക്കാട് ) 91 കിലോമീറ്റർ

ചെലവ് : 4493 കോടി രൂപ

മെട്രോ റെയിൽ രണ്ടാംഘട്ടത്തിൽ

മെട്രോ റെയിലിന്റെ ആദ്യഘട്ടമായ ആലുവ മുതൽ പേട്ട വരെ കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയായി. 22 സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഒന്നാംഘട്ടത്തിന്റെ നിർമ്മാണം നടത്തിയത്. രണ്ടാംഘട്ടമായ പേട്ട മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് നിർമ്മിക്കുന്നത്. വടക്കേക്കോട്ട, എസ്.എൻ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. പൂണിത്തുറയിൽ പുഴയ്ക്ക് കുറുകെ പനംകുട്ടി പാലം നിർമ്മിക്കുന്നതും കൊച്ചി മെട്രോയാണ്. ഒരുവശത്തെ രണ്ടുവരിപ്പാലം പൂർത്തിയായി. ഈ പാലം തുറക്കുന്നതോടെ പഴയ പാലം പൊളിച്ചു പുതിയത് പണിയും. ഇവയ്ക്കിടയിലാണ് മെട്രോ പാത.പൊതുഗതാഗത രംഗത്തെയാകെ മാറ്റിമറിക്കാൻ മെട്രോ റെയിലിന് കഴിഞ്ഞതാണ് വലിയ നേട്ടം.