mo-john-jebi

#എം.ഒ. ജോണിന് 14 വോട്ട്, എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗെയിൽസ് ദേവസിക്ക് 7, എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. പ്രീതക്ക് 4.

# സ്വതന്ത്രാംഗം കെ.വി. സരള ആർക്കും വോട്ട് ചെയ്യാതെ അസാധുവാക്കി

ആലുവ: പ്രവചനാതീതമായി ഒന്നും സംഭവിച്ചല്ല. ആലുവ നഗരസഭയുടെ അമരത്തേക്ക് എം.ഒ ജോൺ തിരഞ്ഞെടുക്കപ്പെട്ടു. 14 വോട്ട് നേടിയാണ് വിജയിച്ചത്. വൈസ് പ്രസിഡന്റായി ജെബി മേത്തറും വിജയച്ചു കയറി. ജെബിയും 14 വോട്ട് സ്വന്തമാക്കി. എതിർ സ്ഥാനാർത്ഥികളായി മത്സരിച്ച എൽ.ഡി.എഫിലെ ഗെയിൽസ് ദേവസി പയ്യപ്പിള്ളിക്ക് ഏഴ് വോട്ടും എൻ.ഡി.എയിലെ പി.എസ്. പ്രീതക്ക് നാല് വോട്ടും ലഭിച്ചു. വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും സമാന വോട്ട് നിലയായിരുന്നു. മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും അവരുടെ മുന്നണിയുടെ അംഗബലം അനുസരിച്ചുള്ള വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര അംഗം കെ.വി. സരള ചെയർമാൻ - വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പുകളിൽ ആർക്കും വോട്ട് ചെയ്യാതെ അസാധുവാക്കി.

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ജെബി മേത്തർക്കെതിരെ എൽ.ഡി.എഫിലെ മിനി ബൈജുവും എൻ.ഡി.എയിലെ ശ്രീലത രാധാകൃഷ്ണനുമാണ് മത്സരിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് എം.ഒ. ജോണിന്റെ പേര് ഫാസിൽ ഹസൈൻ നിർദേശിച്ചു. ജെയിസൺ പീറ്റർ മേലേത്ത് പിന്താങ്ങി. ഗെയിൽസ് ദേവസിയുടെ പേര് വി.എൻ. സുനീഷ് നിർദേശിച്ചു. ദിവ്യ സുനിൽ പിന്താങ്ങി. പി.എസ്. പ്രീതയുടെ പേര് എൻ. ശ്രീകാന്ത് നിർദേശിക്കുകയും കെ.ടി. ഇന്ദിര ദേവി പിന്താങ്ങുകയും ചെയ്തു. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മിനി ബൈജുവിന്റെ പേര് ശ്രീലത വിനോദ് കുമാറും ശ്രീലത രാധാകൃഷ്ണന്റെ പേര് പി.എസ്. പ്രീതയും നിർദേശിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി. സുരേഷായിരുന്നു തിരഞ്ഞെടുപ്പ് വരണാധികാരി.

ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന അനുമോദന യോഗത്തിൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, കൗൺസിലർമാരായ ഗെയിൽസ് ദേവസി, പി.എസ്. പ്രീത, ശ്രീലത വിനോദ് കുമാർ, കെ.വി. സരള, ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ജെബി മേത്തർ ഹിഷാം, മുൻ ചെയർമാന്മാരായ ലിസി എബ്രഹാം, എം.ടി. ജേക്കബ്, മുൻ വൈസ് ചെയർമാന്മാൻ ജി. മാധവകുമാർ എന്നിവർ സംസാരിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ എം.ഒ. ജോൺ നാലാം തവണയാണ് ആലുവ നഗരസഭ ചെയർമാനാകുന്നത്. 1988 മുതൽ രണ്ട് വർഷവും ഒരു മാസവും ചെയർമാനായി. പിന്നീട് 1995 മുതൽ 2005 വരെ തുടർച്ചയായി രണ്ട് ടേം ചെയർമാനായി. ഇതിന് പുറമെ ആദ്യമായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 1979ൽ അഞ്ച് വർഷം വൈസ് ചെയർമാനുമായിരുന്നു. വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജെബി മേത്തർ തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലറാകുന്നത്. കെ.പി.സി.സി സെക്രട്ടറിയാണ്.