
ആലുവ: ആലുവ നഗരസഭയുടെ തലപ്പത്തേക്ക് എം.ഒ ജോൺ എത്തിയതോടെ 2004ൽ പെരിയാർ തീരത്ത് സ്ഥാപിച്ച മലിനജല സംസ്കരണ പ്ളാന്റിന് പുതുജീവൻ വയ്ക്കുന്നു. പദ്ധതി കാര്യക്ഷമാക്കുന്നതിനോടൊപ്പം നാല് പ്ലാന്റുകൾ കൂടി സ്ഥാപിക്കും. 16 വർഷം മുമ്പ് എം.ഒ ജോണിന്റെ നേതൃത്വത്തിലാണ് അദ്വൈതാശ്രമം കടവിനോട് ചേർന്ന് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. 25 ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു പദ്ധതി. എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതി മുന്നോട്ട് പോയില്ല. പ്ലാന്റിൽ വെള്ളം കെട്ടികിടന്ന് കൊതുകു വളർത്തൽ കേന്ദ്രമാണിപ്പോൾ.
മന്ത്രി വന്നിട്ടും ഫലമുണ്ടായില്ല
2001ൽ ശിലാസ്ഥാപനം നിർവഹിച്ച പ്ളാന്റ് 2004 ജൂൺ 11ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സീനത്ത് തീയറ്റർ, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, ജില്ലാ ആശുപത്രി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം ഗുഡ് ഷെഡ് വഴി ലക്ഷ്മി നേഴ്സിംഗ് ഹോമിന് സമീപത്തെ കാനയിലൂടെ പെരിയാറിലേക്ക് പതിക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. പെരിയാറിനെ മലീമസമാക്കുന്നതായി പരിസ്ഥിതി പ്രവർത്തകരും മലിനീകരണ നിയന്ത്രണ ബോർഡും ചൂണ്ടികാട്ടിയതോടെയാണ് മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിച്ചത്. ഇതിന് പുറമെ തൈനോത്ത് റോഡ്, ചെമ്പകശേരി, തോട്ടക്കാട്ടുകര ഭാഗങ്ങളിലും പ്ളാന്റുകൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടിരുന്നു. അതേസമയം മാസങ്ങൾക്ക് മുമ്പ് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ച് പ്ളാന്റ് പ്രവർത്തിക്കാൻ നടപടിയെടുക്കമെന്ന് വാഗ്ദാനം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.
ഭരണമാറ്റത്തിൽ എല്ലാം മാറി
2005ൽ നഗരസഭയിൽ ഭരണമാറ്റം ഉണ്ടായതോടെ നിലവിലുണ്ടായിരുന്ന പ്ളാന്റിന്റെ പ്രവർത്തനം പൂർണായും നിലച്ചു. വൈദ്യുതി ചാർജ്ജ്, അറ്റകുറ്റപ്പണി, ജീവനക്കാർക്ക് ശമ്പളം എന്നിവക്ക് പണമില്ലാത്തതാണ് തിരിച്ചടിയായത്. പ്രതിഷേധം ഉയരുമ്പോൾ തത്കാലത്തേക്ക് പ്രവർത്തിക്കാൻ നടപടിയെടുക്കും. 2010 മുതൽ 17 വരെ ഇതായിരുന്നു അവസ്ഥ. പലരും കരാർ തുക ലഭിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച് പോയി. 2017ലെ ബിൽ തുക ലഭിക്കാതായതോടെ പറവൂർ സ്വദേശിയായ കരാറുകാരനും പ്ലാന്റ് കൈയൊഴിഞ്ഞു. പിന്നീട് കാനയിലെ വെള്ളം പൂർണമായി പെരിയാറിലേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ 2018ലെ എല്ലാം താറുമാറാക്കി. മലിനജല സംസ്കരണ യന്ത്രം പ്രളയത്തിൽ ഒഴുകി അദ്വൈതാശ്രമത്തിന്റെയും പ്ളാന്റിന്റെയും ഭിത്തിയിൽ തങ്ങിയിട്ട് ഇപ്പോഴും താഴേക്ക് ഇറക്കിയിട്ടില്ല. മോട്ടർ ഉൾപ്പെടെയുള്ള പലതും മോഷണം പോയി. രണ്ട് കരാറുകാർക്കൊപ്പവും ജോലി ചെയ്തിട്ടുള്ള അയ്യപ്പനെന്നയാൾ മാത്രമാണ് പ്ളാന്റിലുള്ള ഒരേയൊരാൾ. ഇയാൾ ഉള്ളതിനാലാണ് കുറച്ചെങ്കിലും സാധനങ്ങൾ പ്ലാന്റിൽ അവശേഷിക്കുന്നത്.
പെരിയാറിലേക്ക് മലിനജലം പതിക്കുന്ന നാല് കാനകൾക്ക് സമീപവും മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിക്കുമെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. പെരിയാറിന്റെ സംരക്ഷണത്തിന് ലഭാവും നഷ്ടവും നോക്കില്ല. ഫെഡറൽ ബാങ്ക് നാലിടത്തും മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പഴയ ഫയലുകൾ പൊടിതട്ടിയെടുത്ത് പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കും.
എം.ഒ ജോൺ
ചെയർമാൻ
ആലുവ നഗരസഭ