anil

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി എൽ.ഡി.എഫിലെ അഡ്വ.എം. അനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു. 74 അംഗ കൗൺസിലിൽ 36 വോട്ടുകൾ അനിൽകുമാർ നേടി.

എളമക്കര നോർത്ത് ഡിവിഷനിൽ നിന്നും വിജയിച്ച അനിൽകുമാർ സി.പി.എം ജില്ലാ കമ്മറ്റി അംഗമാണ്. യു.ഡി.എഫിൽ നിന്ന് മേയർ സ്ഥാനത്തേക്ക് ആൻറണി കുരീത്തറയും എൻ.ഡി.എ സ്ഥാനാർത്ഥിയായി സുധ ദിലീപ് കുമാറും മത്സരിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ അഞ്ചു വോട്ടുകൾ മാത്രം ലഭിച്ച സുധ ദിലീപ് കുമാറിനെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തി. ഇതിൽ 36 വോട്ടുകൾ അനിൽകുമാറിനും 32 വോട്ടുകൾ ആന്റണി കുരീത്തറക്കും ലഭിച്ചു. ബി.ജെ.പി അംഗങ്ങൾ രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
വരണാധകാരി കൂടിയായ കളക്ടർ എസ്. സുഹാസ് മേയർക്ക് കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച നാലു കൗൺസിലർമാരിൽ രണ്ടുപേർ എൽ.ഡി.എഫിനും ഒരാൾ യു.ഡി.എഫിനും പിൻതുണ നൽകി. മറ്റൊരു സ്വതന്ത്രൻ കെ.പി .ആൻറണി സഭയിൽ ഹാജരായില്ല. ഇതോടെ കഴിഞ്ഞ പത്തു വർഷമായി യു.ഡി.എഫ് ഭരിച്ച കൊച്ചി കോർപ്പറേഷൻ ഇടതു ഭരണത്തിന് വഴിമാറി.