
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗസഭയുടെ 13ാംമത് ചെയർമാനായി പി.പി.എൽദോസ് തെരഞ്ഞെടുക്കപ്പെട്ടു. 27ാം വാർഡ് കൗൺസിലറായി പി.പി.എൽദോസ് സി.പി.എമ്മിലെ ആർ.രാകേഷിനെ പരാജയപ്പെടുത്തിയാണ് ചെയർമാനായത്. 28 അംഗ കൗൺസിലിൽ 11 നെതിരെ 14 വോട്ടുകൾ എൽദോസ് നേടി. രണ്ട് എൻ.ഡി.എ. അംഗങ്ങളും ഒരു സ്വതന്ത്രയും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എട്ടാം വാർഡ് കൗൺസിലർ ഫൗസിയ അലി പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.21 ാം വാർഡ് കൗൺസിലർ കോൺഗ്രസിലെ ജിനു മടേക്കലാണ് എൽദോസിന്റെ പേര് നിർദേശിച്ചത്. ഒമ്പതാം വാർഡ് കൗൺസിലർ മുസ്ലീം ലീഗിലെ പി.എം.അബ്ദുൾ സലാം പിന്താങ്ങി. കെ.ജി.അനിൽകുമാറാണ് ആർ. രാകേഷിന്റെ പേര് നിർദേശിച്ചത്. അഞ്ചാം വാർഡ് കൗൺസിലർ സി.പി.ഐ.യിലെ പി.വി.രാധാകൃഷ്ണൻ പിന്താങ്ങി. മൂന്നംഗങ്ങൾ വിട്ടു നിന്നതോടെ കൂടുതൽ വോട്ട് നേടിയ പി.പി.എൽദോസിനെ വരണാധികാരിയായ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം.കെ.സീത വിജയിയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്നതോടെ എതിർ സ്ഥാനാർത്ഥി ആർ.രാകേഷിനെ ആലിംഗനം ചെയ്താണ് പി.പി.എൽദോസ് സന്തോഷം പങ്കുവച്ചത്. സഹപ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും നീണ്ട കരഘോഷങ്ങൾക്കിടയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച പതിനൊന്നാം വാർഡ് കൗൺസിലർ അജി മുണ്ടാട്ട് യു.ഡി.എഫിനൊപ്പം നിന്ന് വോട്ട് ചെയ്തതോടെയാണ് പി.പി.എൽദോസിന് 14 വോട്ടുകൾ ലഭിച്ചത്. രണ്ട് കൗൺസിലർമാർ മാത്രമുള്ളതിനാൽ എൻ.ഡി.എ.ക്ക് മത്സരിക്കാനായില്ല. എൻ.ഡി.എ. കൗൺസിലർമാരായ ഏഴാം വാർഡിൽ നിന്ന് വിജയിച്ച ആശ അനിലും 23 ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിന്ദു സുരേഷ്‌കുമാറും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച രാജശ്രീ രാജുവും സഭയിലുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. വോട്ട് രേഖപ്പെടുത്താൻ ഇവരെ വരണാധികാരി വിളിച്ചപ്പോൾ വിട്ടു നിൽക്കുന്നതായി അറിയിക്കുകയായിരുന്നു. ഓരോരുത്തരായി എത്തി രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് രണ്ട് സ്ഥാനാർത്ഥികളുടേയും സാന്നിദ്ധ്യത്തിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു. ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ സിനി കെ.ബിജു വിജയിച്ചു . കോൺഗ്രസിനെതിരായി മത്സരിച്ച അജി മുണ്ടാട്ടാണ് സിനി കെ.ബിജുവിന്റെ പേര് നിർദേശിച്ചത് . അമൽ ബാബുവാണ് പിൻന്താങ്ങിയത്. എൽ.ഡി.എഫിൽ നിന്നുള്ള സെബി സണ്ണിയെ നിസ അഷറഫ് നിർദേശിച്ചു, വി.എ. ജാഫർ സാധിക്ക് പിൻന്താങ്ങി. 13 വോട്ടുകളാണ് വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുത്ത സിനി കെ. ബിജുവിന് ലഭിച്ചത് . ഒരു വോട്ട് അസാധുവായി. 11 വോട്ടുകൾ സെബി സണ്ണിക്കും ലഭിച്ചു. കോൺഗ്രസ് അംഗം പ്രമീള ഗിരീഷ് കുമാറിന്റെ വോട്ടാണ് അസാധുവായത്.