ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് ആലുവ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വിവിധ വാർഡുകളിലായി ഒഴിഞ്ഞ കെട്ടിടങ്ങൾ ഉണ്ടായിട്ടും വില്ലേജ് ഓഫീസ് ആലുവ നഗരത്തിലേക്ക് മാറ്റിയത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണെന്നാണ് ആക്ഷേപം. രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരുമെല്ലാം തിരഞ്ഞെടുപ്പ് തിരക്കിലായിരുന്ന അവസരം മുതലെടുത്താണ് ചില ഉദ്യോഗസ്ഥർ ഓഫീസ് നഗരത്തിലേക്ക് മാറ്റുന്നതിന് ചരടുവലിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പഞ്ചായത്തിലെ നൂറുകണക്കിന് ജനങ്ങൾ ഉപകാരപ്രദമായിരുന്ന വില്ലേജ് ഓഫീസിൽ പോകണമെങ്കിൽ ഇനി അഞ്ച് കിലോമീറ്റർ ചുറ്റണം. വില്ലേജ് ഓഫീസിന് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തേക്ക് മാറ്റുകയോ പഞ്ചായത്തിൽ ഭൂമി കണ്ടെത്തി കെട്ടിടം നിർമ്മിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജേഷ് കുന്നത്തേരി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖനും ജില്ലാ കളക്ടർക്കും പരാതി നൽകി.