കൊച്ചി: ഫോർട്ടുകൊച്ചി തുരുത്തികോളനിയിലെ റേ (രാജീവ്ഗാന്ധി ആവാസ് യോജന ) , പി.ആൻഡ്.ഡി കോളനിനിവാസികളുടെ പുനരധിവാസം തുടങ്ങിയ ഭവനപദ്ധതികൾ പൂർത്തീകരിക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. സ്ഥാനാരോഹണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങൾക്കായി കോർപ്പറേഷൻ ഓഫീസിലെത്തുന്ന സാധാരണക്കാരോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും അവരുടെ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ സാധിച്ചുകൊടുക്കണമെന്നും മേയർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തന്റെ ഭരണസമിതി എന്നും തൊഴിലാളികൾക്ക് ഒപ്പമുണ്ടാകും. കൗൺസിലിനെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, വിവിധ ഏജൻസികൾ, എം.പി,എം.എൽ.എ എന്നിവരുമായി യോജിച്ചു മുന്നോട്ടുനീങ്ങും. പുതിയ കൗൺസിലർമാർക്കായി ഒരു മെട്രോ സവാരി ഒരുക്കുന്നതിന് കെ.എം.ആർ.എൽ എം.ഡിയുമായി സംസാരിക്കുമെന്ന് മേയർ അറിയിച്ചു.

മേയർ കൂൾ ആണ്

25ാം വയസിൽ കൗൺസിലറായി കോർപ്പറേഷനിലെത്തിയ അനിൽകുമാർ നാലാം തവണ എളമക്കര നോർത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മഹാരഥൻമാർ ഇരുന്ന കസേരയിൽ തന്നെ പോലെ ഒരു ചെറിയ മനുഷ്യൻ എത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സഭയെ അഭിസംബോധന ചെയ്തു കൊണ്ട് പുതിയ മേയർ പറഞ്ഞു. ടി.എം.മുഹമ്മദ് , കെ.ബാലചന്ദ്രൻ, ഇടപ്പള്ളിക്കാരനായ എ.സി.ജോസ് തുടങ്ങി പ്രശസ്തരായ തന്റെ മുൻഗാമികളുടെ നിരയിൽ നിന്ന് മുൻ യു.ഡി.എഫ് മേയർ ടോണി ചമ്മിണിയെ ആണ് സ്നേഹത്തിന്റെ സ്വാതന്ത്ര്യത്തോടെ തനിക്ക് ഒപ്പം ചേർത്തുനിർത്തുന്നത്. മേയറുടേത് ഹോട്ട് സീറ്റാണെന്നും വെറും നാലു വോട്ടിന്റെ ഭൂരിപക്ഷം മാത്രമേയുള്ളുവെന്ന കാര്യം മറക്കരുതെന്നുമുള്ള യു.ഡി.എഫ് കൗൺസിലർ എ.ജി.അരിസ്റ്റോട്ടിലിന്റെ ഓർമ്മപ്പെടുത്തലിന് മറുപടിയായി മേയർ കൂളാണെന്നും തങ്ങളുടെ അംഗബലം ഇനിയും വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ, കെ.ജെ.മാക്സി എം.എൽ.എ, സി.കെ.മണിശങ്കർ, കെ.ജെ.ജേക്കബ്ബ്,സാബു ജോർജ്,കുമ്പളം രവി തുടങ്ങിയവർ പുതിയ മേയർക്ക് ആശംസകൾ നേർന്നു. ബി.ജെ.പി കൗൺസിലർ സുധ ദിലീപ് കുമാർ, യു.ഡി.എഫ് കൗൺസിലർമാരായ ആന്റണി പൈനൂത്തുറ, സുനിത ഡിക്സൺ, സുജ ലോനപ്പൻ തുടങ്ങിയവർ സംസാരിച്ചു.