കളമശേരി: നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ സീമ കണ്ണനും ഉപാദ്ധ്യക്ഷയായി മുസ്ലിം ലീഗിന്റെ സൽമ അബൂബക്കറും തിരഞ്ഞെടുക്കപ്പെട്ടു. വോട്ടു നില 20-20 ആയിരുന്നതിനാൽ നറുക്കിലൂടെയായിരുന്നു സീമയുടെ വിജയം.
സി പി എമ്മിന്റെ ചിത്രാസുരേന്ദ്രനും എൽ.ഡി.എഫ് പിന്തുണയോടെ ലീഗ് വിമതൻ സുബൈറുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. 41 അംഗ കൗൺസിലിൽ ബിജെപിയുടെ പ്രമോദ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഒരു വാർഡിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഇലക്ഷൻ നടന്നിട്ടില്ല.
ആഹ്ലാദ പ്രകടനമായി പുറത്തേക്കിറങ്ങിയ യു ഡി എഫ് പ്രവർത്തകരും എൽ.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായെങ്കിലും ശക്തമായ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നതിനാൽ സംഘട്ടനമുണ്ടായില്ല.