ldf

ആലുവ: ആലുവ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ മുൻ ചെയർമാൻ രാഷ്ട്രീയം പറഞ്ഞതിന്റെ നീരസത്തിൽ എൽ.ഡി.എഫിലെ ഏഴ് അംഗങ്ങൾ ഇറങ്ങിപ്പോയി. 2005 - 10 കാലയളവിൽ നഗരസഭ ഭരിച്ച എൽ.ഡി.എഫ് യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയില്ലെന്ന ആരോപണമാണ് 2010 -15 കാലഘട്ടത്തിൽ ചെയർമാനായിരുന്ന എം.ടി. ജേക്കബ് ഉന്നയിച്ചത്. മാത്രമല്ല, താൻ ചെയർമാനായിരുന്നപ്പോഴാണ് മത്സ്യ മാർക്കറ്റ് നിർമ്മിച്ചതെന്നും നെഹ്രു പാർക്ക് അവന്യു ബിൽഡിംഗിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്നും ജേക്കബ് അവകാശപ്പെട്ടിരുന്നു. ഇതേതുടർന്നാണ് എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി ഗെയിൽസ് ദേവസി, ശ്രീലത വിനോദ് കുമാർ, വി.എൻ. സുനീഷ്, മിനി ബൈജു, ടിന്റു രാജേഷ്, ദിവ്യ സുനിൽ, ലീന വർഗീസ് എന്നീ എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. ചെയർമാൻ തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പ്രസംഗമുണ്ടായതും ഇറങ്ങിപ്പോക്കും ശരിയായില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന നഗരവാസികളുടെ നിലപാട്. എന്നാൽ ഉച്ചയ്ക്ക് ശേഷം വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ എല്ലാ അംഗങ്ങളും സംബന്ധിച്ചു.