
കൊച്ചി : കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി എൽ.ഡി.എഫിലെ കെ.എ. അൻസിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേയർ അഡ്വ .എം .അനിൽകുമാർ സത്യവാചകം ചൊല്ലി കൊടുത്തു. 5ാം ഡിവിഷൻ കൗൺസിലറാണ് അൻസിയ. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത്. വരണാധികാരിയായ ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിലാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 74 കൗൺസിലർമാരിൽ 73 പേർ ആദ്യ ഘട്ട വോട്ടെടുപ്പിലും 36 കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു. എൽ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി പ്രതിനിധികളായ കെ.എ.അൻസിയ, സീന ടീച്ചർ, അഡ്വ പ്രിയ പ്രശാന്ത് എന്നിവരാണ് മത്സരിച്ചത്. ആദ്യ ഘട്ടത്തിൽ യഥാക്രമം 36,32, 5 വോട്ടുകൾ എൽ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി കൗൺസിലർമാർ നേടി.
23ാം ഡിവിഷൻ കൗൺസിലർ ഈ തിരഞ്ഞെടുപ്പിലും പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പിൽ കെ.എ. അൻസിയ 36 വോട്ട് നേടി. ബി ജെ പി കൗൺസിലർമാർ വിട്ട് നിന്നു. എൽ.ഡി. എഫ് കൗൺസിലർമാരിൽ ചിലർ വൈകിയാണ് എത്തിയതെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ ആദ്യം വോട്ടെടുപ്പ് തടസ്സപ്പെടുത്തുകയും പിന്നീട് രണ്ടാം ഘട്ട വോട്ടെടുപ്പിന് മുൻപ് ഇറങ്ങിപ്പോവുകയും ചെയ്തു. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
സ്വതന്ത്രൻ വിട്ടുനിന്നു
സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച നാല് കൗൺസിലർമാരിൽ ടി കെ അഷ്‌റഫ്, ജെ സനിൽ മോൻ എന്നിവർ എൽ .ഡി. എഫിനും മേരി കർമ്മലിസ്റ്റാ പ്രകാശൻ യു .ഡി .എഫിനും മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകി . മറ്റൊരു സ്വതന്ത്ര അംഗമായ കെ .പി .ആൻറണി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് അൻസിയയുടെ പേര് പി .ആർ .രചന നിർദ്ദേശിക്കുകയും ഷീബ ലാൽ പിന്താങ്ങുകയും ചെയ്തു. യു .ഡി .എഫ് ബഹളം മൂലം ഉച്ചക്ക് രണ്ടു മണിയ്ക്ക് നടക്കേണ്ട ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടപടികൾ വൈകിയാണ് ആരംഭിക്കാനായത്.