തൃക്കാക്കര : തൃക്കാക്കര നഗരസഭയിൽ യു.ഡി.എഫിലെ അജിത തങ്കപ്പൻ ചെയർ പേഴ്സണായി. അജിത തങ്കപ്പന് 26 വോട്ടും എൽ.ഡി.എഫിന്റെ ജയകുമാരിക്ക് 17 വോട്ടുകളും ലഭിച്ചു. വൈസ് ചെയർമാൻ മുസ്ലിം ലീഗിലെ എ.എ ഇബ്രാഹിംകുട്ടിയാണ്. 26 വോട്ട് ലഭിച്ചു. സി.പി.എമ്മിലെ ചന്ദ്രബാബുവിന് 16 വോട്ടു കിട്ടി.
43 അംഗ നഗരസഭയിൽ യു.ഡി.എഫിന് 26ഉം എൽ.ഡി.എഫിന് 17 സീറ്റുകളുമുണ്ട്. അഞ്ചുപേർ യു.ഡി.എഫ് വിമതന്മാരായി മത്സരിച്ചു വിജയിച്ചവരാണ്. ഇവർ യുഡിഎഫിനെ പിന്തുണച്ചു.
വൈസ് ചെയർമാൻ സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പിൽ നിന്ന് സി.പി.ഐ കൗൺസിലർമാരായ എം.ജെ ഡിക്സണും കെ.എക്സ്. സൈമണും വിട്ടുനിന്നു.
മാലിന്യ സംസ്കരണത്തിന് മുൻതൂക്കം അജിത തങ്കപ്പൻ
തൃക്കാക്കര: മാലിന്യ സംസ്കരണത്തിന് മുൻതൂക്കംനൽകുമെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു. കുടിവെള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു.