
കൊച്ചി: കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ചട്ടം ലംഘിച്ച വരണാധികാരിയായ കളക്ടർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് യു.ഡി.എഫ് കൗൺസിലർ അഡ്വ.വി.കെ മിനിമോൾ പറഞ്ഞു. തങ്ങൾക്ക് നൽകിയ നോട്ടിസിൽ രണ്ട് മണിക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് കൃത്യസമയത്ത് യു.ഡി.എഫ് കൗൺസിലർമാർ എത്തിയിരുന്നു. 37 കൗൺസിലർമാർ ഈ സമയത്ത് ഹാളിൽ ഉണ്ടായിരുന്നു. എന്നാൽ കളക്ടർ എൽ.ഡി.എഫിനെ സഹായിക്കുന്നതിനായി സമയം നീട്ടിവയ്ക്കുകയായിരുന്നു. ഇതിന് കളക്ടർക്ക് അധികാരമില്ല. പരിശോധിച്ചശേഷം മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും മിനിമോൾ പറഞ്ഞു.
ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു. താൻ താമസിച്ച് വന്നു എന്നുപറയുന്നത് തെറ്റാണ്. ക്വാറം തികയാത്തതിനാലാണ് തിരഞ്ഞെടുപ്പ് വൈകിയത്. വെറും 10 മിനിറ്റ് മാത്രമാണ് നടപടികളിൽ താമസം നേരിട്ടത്. കളക്ടർ വ്യക്തമാക്കി.