
കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തനിക്കെതിരെ ഇ.ഡി നൽകിയ കുറ്റപത്രം അപൂർണമാണെന്നും സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതിയില്ലാതെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോടതിയിൽ ഹർജി നൽകി. കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള കേസുകളുടെ ചുമതലയുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി. സസ്പെൻഷനിലാണെങ്കിലും ഇപ്പോഴും സർക്കാർ ഉദ്യോഗസ്ഥനാണ്. കുറ്റപത്രം നൽകണമെങ്കിൽ സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി വേണമെന്നും ഹർജിയിൽ പറയുന്നു. അറസ്റ്റിലായി 60 ദിവസം കഴിയുന്നതിന് മുമ്പ് കുറ്റപത്രം നൽകിയില്ലെങ്കിൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിക്കുമായിരുന്നു. ഇതു തടയാനാണ് ഇ.ഡി തിരക്കിട്ട് കുറ്റപത്രം നൽകിയത്. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതിയില്ലാതെ ഇ.ഡി നൽകിയ കുറ്റപത്രം അപൂർണമാണെന്നും തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമാണ് ശിവശങ്കറിന്റെ വാദം. ഹർജി ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.