
പറവൂർ: പറവൂർ നഗരസഭാ ചെയർപേഴ്സനായി വി.എ. പ്രഭാവതിയേയും വൈസ് ചെയർമാനായി എം.ജെ. രാജുവിനെയും തിരഞ്ഞെടുത്തു. ഇരുവരും വരണാധികാരി മുമ്പാകെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് വി.എ. പ്രഭാവതിയുടെ പേര് എം.ജെ. രാജു നിർദേശിക്കുകയും ഡി.രാജ്കുമാർ പിന്താങ്ങുകയും ചെയ്തു. എൽ.ഡി.എഫിൽ നിന്നും കെ.ജെ. ഷൈന്റെ പേര് ടി.വി. നിഥിൻ നിർദ്ദേശിച്ചു. സി.എസ്. സജിത പിന്താങ്ങി. ബിജെ.പിയുടെ ചെയർപേഴ്സൻ സ്ഥാനാർത്ഥി കെ.എൽ. സ്വപ്നയുടെ പേര് എം. രഞ്ജിത് നിർദേശിക്കുകയും ജി. ഗിരീഷ് പിന്താങ്ങുകയും ചെയ്തു.തുടർന്ന് ഒന്ന് മുതൽ 29 വരെയുളള വാർഡുകളിലെ കൗൺസിലർമാർ രഹസ്യ വോട്ട് രേഖപ്പെടുത്തി. വി.എ. പ്രഭാവതിക്ക് പതിനഞ്ചും കെ.ജെ ഷൈന് ഒമ്പതും കെ.എൽ. സ്വപ്നക്ക് നാലും വോട്ട് ലഭിച്ചു. ഒന്നാം വാർഡിൽ നിന്നുള്ള കോൺഗ്രസ് വിമതൻ ജോബി പഞ്ഞിക്കാരൻ രണ്ടു തിരഞ്ഞെടുപ്പിലും വോട്ട് അസാധുവാക്കി. വി.എ. പ്രഭാവതി വിജയിച്ചതായി വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ സി.ഐ. ഡേവിഡ് പ്രഖ്യാപിച്ചു. വൈസ് ചെയർമാൻ സ്ഥാനത്തേക്കും മൂന്ന് മുന്നണിയിൽ നിന്നും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. എം.ജെ. രാജു (യു.ഡി.എഫ് ), ടി.വി. നിഥിൻ (എൽ.ഡി.എഫ് ), എം. രഞ്ജിത് (ബി.ജെ.പി) എന്നിവരാണ് മത്സരിച്ചത്. കോൺഗ്രസിലെ എം.ജെ. രാജു ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വി.എ. പ്രഭാവതി പതിനെഴാം വാർഡിൽ നിന്നും തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലിൽ എത്തിയത്. കഴിഞ്ഞ ഭരണ സമിതിയിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായിരുന്നു. മികച്ച അംഗൻവാടി ടീച്ചർക്കുള്ള ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം.ജെ. രാജു നാലാം തവണയാണ് കൗൺസിലറാകുന്നത്. 1995ലാണ് ആദ്യമായി കൗൺസിലിൽ എത്തിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറവൂർ വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.