പെരുമ്പാവൂർ: ഭിന്നശേഷി സമൂഹത്തിന്റെ സമ്പൂർണ ഉന്നമനത്തിനായി നിലവിൽ വന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളും ഭരണകർത്താക്കളും മുഖ്യപരിഗണന നൽകണമെന്ന് തണൽ പരിവാർ സംസ്ഥാന കൗൺസിൽയോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കു പഠിക്കുവാനുള്ള സൗകര്യം ഒരുക്കുക, മെഡിക്കൽബോർഡ് ചേർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, സ്വാവലംബൻ ഇൻഷൂറൻസ് പരിരക്ഷ പദ്ധതി നടപ്പിലാക്കുക, വാർഷിക സ്‌കോളർഷിപ്പ് അമ്പതിനായിരം രൂപയാക്കുക, കൊവിഡ് സഹായ പദ്ധതിയായി ഭിന്നശേഷിക്കാർക്ക് പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്യുക, ത്രീവ്ര ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് നൽകുന്ന ഇന്ദിരാഗാന്ധി പെൻഷൻ വർധിപ്പിക്കുക, നാഷ്ണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന് യൂണിവേഴ്‌സിറ്റി പദവി നൽകുക, ആശ്വാസകിരൺ പെൻഷൻ മിനിമം 2000 രൂപയായി ഉയർത്തി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുക, പ്രതിമാസ വികലാംഗപെൻഷൻ 5000 രൂപയായി ഉയർത്തുക, ഭിന്നശേഷിക്കാർക്ക് സത്വരമായ നിയമന പദ്ധതി ആവിഷ്‌കരിക്കുക, ഭിന്നശേഷികുട്ടികളുള്ള കുടുംബങ്ങളിൽ നിന്ന് മെഡിക്കൽ, സിവിൽ സർവീസ് പ്രവേശന പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക മുൻഗണന നൽകുന്നതിനായി പ്രത്യേക ഉത്തരവ് ഇറക്കണമെന്നും തണൽ പരിവാർ ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽയോഗം തണൽപരിവാർ ജന. സെക്രട്ടറി കെ.എം. നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അംബിക ശശി അദ്ധ്യക്ഷത വഹിച്ചു. എം.അർ. പ്രകാശ്, രാജി ഷിനോദ്, എം.കെ. അനിക്കുട്ടൻ, ഷെമീന ഷക്കീർ, സൂഫി കാസിം, കനക രാജ്, സ്മിത ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.