കോലഞ്ചേരി: ഭരണം തുലാസിലായ വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ ട്വന്റി20 യും, യു.ഡി.എഫും മത്സരരംഗത്തേയ്ക്കെന്ന് സൂചന. ട്വന്റി 20 പ്രസിഡന്റു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമന്ന് ചീഫ് കോ ഓർഡിനേറ്റർ സാബു.എം ജേക്കബ് പറഞ്ഞു. ഇവിടെ 5 വീതം യു.ഡി.എഫ്, ട്വന്റി20 അംഗങ്ങളും, മൂന്നു പേർ എൽ.ഡി.എഫിൽ നിന്നുമാണ്. ട്വന്റി20 മത്സരിക്കാൻ തീരുമാനിച്ചാൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കേണ്ടി വരും. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാലും, വരാൻ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പ് സാഹചര്യം കണക്കിലെടുത്തും ട്വന്റി20 ഒരു മുന്നണിയ്ക്കും പിന്തുണ നല്കുന്നില്ലെന്നാണ് സൂചന. തുലാസിലെ ഭരണമായതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നേക്കുമെന്നും സൂചനകളുണ്ട്. യു.ഡി.എഫിന്റെ വി.ആർ അശോകനാണ് പ്രസിഡന്റ് സ്ഥാനാർത്ഥി.