കോലഞ്ചേരി: സമയബന്ധിതമായി പെരിയാർ വാലി കനാൽവെള്ളം തുറന്നുവിടാത്തതിനാൽ കിഴക്കമ്പലം, കുന്നത്തുനാട് മേഖലയിലെ വിവിധ പാടശേഖരങ്ങൾ പ്രതിസന്ധിയിലേക്ക്. തുലാമഴ കുറഞ്ഞതോടെ കർഷകരുടെ പ്രതീക്ഷ കനാൽവെള്ളമായിരുന്നു. കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ വൈകിയതും നല്ലരീതിയിൽ നവീകരണം നടത്താത്തതും പമ്പിങ്ങിനെ ബാധിച്ചു. ഒക്ടോബറിലാണ് കനാൽ വൃത്തിയാക്കുന്ന പണി നടത്താറുള്ളത്. ഇക്കുറി ലോക്ക് ഡൗൺമൂലം പ്രവൃത്തികൾ വൈകിയിരുന്നു. ഡിസംബർ അവസാനമായിട്ടും നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടില്ല. സാധാരണനിലയിൽ തുലാമഴയെത്തിയാൽ പോലും നവംബർ പാതിയോടെ കനാൽവെള്ളം ആശ്രയിച്ചാണ് മേഖലയിലെ പാടശേഖരങ്ങളിലെ കർഷകർ കൃഷിയിറക്കിയിരുന്നത്. ഇത് പാളിയതോടെ പലയിടങ്ങളിലും വിള ഉണങ്ങിത്തുടങ്ങി. ചില ഭാഗങ്ങളിൽ വരണ്ട നിലയിലുമാണ്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം നല്ല മഴ കിട്ടിയതാണ് ചെറിയൊരാശ്വാസം.

കുടിവെള്ള ക്ഷാമം രൂക്ഷം
തുലാവർഷം മാറിനിന്നാലുണ്ടാകുന്ന കാർഷിക പ്രതിസന്ധി നേരത്തേ തന്നെ ബോധ്യപ്പെടുത്തിയിട്ടും ജലസേചനവകുപ്പ് വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നാണ് കർഷകരുടെ പരാതി.പതിവുപോലെ കനാൽ നവീകരിച്ച്, അടിയന്തര പ്രാധാന്യത്തോടെ വെള്ളം തുറന്നുവിട്ടില്ലെങ്കിൽ വെള്ളം കിട്ടാതെ ഏക്കർകണക്കിന് കൃഷിയാണ് നശിക്കുന്നത്. ഇന്നു മുതൽ പെരിയാർ വാലി കനാലുകളിൽ വെളളം തുറന്നു വിടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു വരെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല.

കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ മിക്കയിടങ്ങളിലും കിണറുകൾ വറ്റി. കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. കനാൽ വെള്ളമെത്തുന്നത് വീണ്ടും വൈകിയാൽ കിണറുകൾ വറ്റി വരളും.