raji-santhosh
രാജി സന്തോഷ്

ആലുവ: ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റായി രാജി സന്തോഷിനെയും വൈസ് പ്രസിഡന്റായി ബാബു പുത്തനങ്ങാടിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം തിരഞ്ഞെടുത്തു. ഇരുവരും ഐ ഗ്രൂപ്പുകാരാണ്. ആകെയുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരിൽ രണ്ടും എ ഗ്രൂപ്പിന് നൽകാനും ധാരണയായി.

ഇന്നലെ രാത്രി ആലുവ മഹനാമി ഹോട്ടലിൽ അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി എ ഗ്രൂപ്പിൽ നിന്ന് കെ.എസ്. മുഹമ്മദ് ഷെഫീക്ക് രംഗത്ത് വന്നെങ്കിലും ആലുവ നഗരസഭയിൽ ഇരു സ്ഥാനങ്ങളും എ ഗ്രൂപ്പ് കൈവശപ്പെടുത്തിയത് ചൂണ്ടിക്കാട്ടി നേരിട്ടു. ഇതേതുടർന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റി നൽകാൻ ധാരണയായത്. രാജി സന്തോഷിന് പകരം എ ഗ്രൂപ്പ് നോമിനിയായ മറ്റൊരു പുതുമുഖത്തെ പ്രസിഡന്റാക്കി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തെത്താൻ ഐ ഗ്രൂപ്പിലെ ചിലർ രഹസ്യ നീക്കം നടത്തിയെങ്കിലും ഫലവത്തായില്ല.

പ്രസിഡന്റായി നിശ്ചയിക്കപ്പെട്ട രാജി സന്തോഷ് മൂന്നാം വട്ടമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. 2010ൽ വനിത സംവരണ വാർഡിൽ നിന്നും ലഭിച്ച രാജി 2015ൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ ജനറൽ വാർഡിൽ നിന്നും കോൺഗ്രസ് റബലായി ജയിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്ന രാജി സന്തോഷ് ഒരു വർഷമായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായിരുന്നു. ഒന്നാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബാബു പുത്തനങ്ങാടി മൂന്നാം വട്ടമാണ് പഞ്ചായത്തംഗമാകുന്നത്. കഴിഞ്ഞ ടേമിൽ ആറ് മാസത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി. ഡി.സി.സി ജനറൽ സെക്രട്ടറിയാണ്.

മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരിൽ ഒന്ന് ജനറലും രണ്ടെണം വനിത സംവരണവുമാണ്. ജനറൽ വിഭാഗം എ ഗ്രൂപ്പിനാണ്. 18 അംഗങ്ങളിൽ 10പേർ യു.ഡി.എഫിനുണ്ട്. അഞ്ച് പേർ എൽ.ഡി.എഫും രണ്ട് സ്വതന്ത്രരും ഒരു ബി.ജെ.പി. അംഗവും. യു.ഡി.എഫ് അംഗങ്ങളിൽ ഏഴ് പേർ ഐ ഗ്രൂപ്പുകാരാണ്. മൂന്ന് പേരാണ് എ പക്ഷക്കാർ. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.ഒ. ജോൺ, ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു എന്നിവരും യോഗത്തിൽ സംബന്ധിച്ചു.