soumithran

കൊച്ചി: പ്രമുഖ താന്ത്രികൻ ടി.പി. സൗമിത്രൻ തന്ത്രിയുടെ ഷഷ്ഠിപൂർത്തി ആഘോഷം ജനുവരി 7,8 തീയതികളിൽ നടക്കും. അരനൂറ്റാണ്ട് നീളുന്ന ദീർഘമായ വൈദിക ജീവിതത്തിന്റെ ധന്യതയിലാണ് കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രം മേൽശാന്തി​ കൂടിയായ സൗമിത്രൻ തന്ത്രി.

പത്താം വയസിൽ കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നിന്ന് പരികർമ്മിയായി തുടങ്ങിയതാണ് വൈദിക ജീവിതം. പിന്നീട് മാത്താനം പത്മനാഭൻ തന്ത്രിയുടെ ശിഷ്യനായി. ഇവിടെ വച്ച് സംസ്കൃതവും പഠിച്ചു. പ്രശസ്ത തന്ത്രി മാത്താനം വിജയൻ തന്ത്രിക്കൊപ്പം പത്തുവർഷത്തോളം പ്രവർത്തിച്ചു.

84ൽ എളങ്കുന്നപ്പുഴ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആദ്യമായി മേൽശാന്തി പദമേറ്റു. തുടർന്ന് മട്ടലിൽ ഭഗവതി ക്ഷേത്രം, എറണാകുളം അയ്യപ്പൻകാവ് ക്ഷേത്രം, നായരമ്പലം കൊച്ചമ്പലം, മഞ്ഞുമ്മൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി. 2013 മുതൽ കടുങ്ങല്ലൂർ ഭുവനേശ്വരി ക്ഷേത്രത്തി​ലാണ്.

താന്ത്രികാചാര്യൻ മാധവ്ജിയുമായുള്ള ബന്ധത്തിലൂടെ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിയുടെ പ്രിയ ശിഷ്യനുമായി. കുമ്പളങ്ങി തോപ്പിൽ കുടുംബാംഗമായ സൗമിത്രൻ തന്ത്രി 15 വർഷത്തോളം എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയുടെ പ്രസിഡന്റുമായിരുന്നു. അഖില കേരള ശ്രീനാരായണ വൈദിക സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്.

അംഗൻവാടി ടീച്ചർ അനിലയാണ് ഭാര്യ. എം.എ, ബി.എഡ് വിദ്യാഭ്യാസം നേടിയ മൂത്തമകൻ വൈശാഖാണ് താന്ത്രിക വൃത്തിയിൽ സൗമിത്രൻ തന്ത്രിയുടെ പിൻഗാമി. പാഞ്ഞാൾ തോട്ടത്തിൽ നാരായണൻ നമ്പൂതിരിയുടെ ശിഷ്യനാണ് വൈശാഖ്. രണ്ടാമത്തെ മകൻ ശ്രീകാന്ത് ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്.

ജനുവരി 7,8 തീയതികളിൽ കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രം ഹാളിൽ നടക്കുന്ന ഷഷ്ഠിപൂർത്തി ആഘോഷ ചടങ്ങുകളിൽ പ്രശസ്ത തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. വൈദികരംഗത്തെ പ്രമുഖരും ശിഷ്യഗണങ്ങളും പങ്കെടുക്കും.