
മൂവാറ്റുപുഴ: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട നിർദ്ദേശമായിരുന്നു കേരള ബാങ്ക് രൂപികരണത്തിലൂടെ നടപ്പിലായതെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു . മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതനങ്ങളായ നിരവധി ആശയങ്ങളാണ് കേരള ബാങ്കിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനമാണ് കുട്ടിനിക്ഷേപ പദ്ധതി. 7,8,9,10 ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളേയും നിക്ഷേപ പദ്ധതിയിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഏഴിൽ പഠനം തുടങ്ങുന്ന കുട്ടി ആരംഭിക്കുന്ന നിക്ഷേപം 10 ൽ നിന്ന് ജയിച്ചുകയറുന്നതുവരെ തുടരുകയും 11 ാം ക്ലാസിലെത്തുമ്പോൾ തുകയടേയും പലിശയടേയും കൂടെ ബാങ്കിന്റെ ഒരു തുകകൂടി ചേർത്ത് തിരികെ നൽകും ചെയ്യുന്നതാണ് പദ്ധതി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് വലിയ സഹായമായി മാറുമെന്നാണ് കരുതുന്നത്. 1400 പ്രൈമറി ബാങ്കുകളാണ് കേരള ബാങ്കിന്റെ സ്വത്ത് . ഇവരുടെ ഷെയറാണ് ബാങ്കിന്റെ സമ്പത്ത്. പുതുതലമുറ ബാങ്കുകളുടെ പ്രവർത്തനം കാലോചിതമായി മാറ്റം വരുത്തും . ബാങ്ക് ഇടപാടുകൾ മൊബൈൽ വഴി നടത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കേരള ബാങ്കിൽ തുടങ്ങുമെന്നും മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആഗ്രഹിക്കുന്ന തരത്തിൽ കേരള ബാങ്കിന്റെ പ്രവർത്തനം മന്നോട്ടുകൊണ്ടു പോകുമെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. സ്വീകരണ സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്‌ക്കറിയ അദ്ധ്യക്ഷത വഹിച്ചു . സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറികൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ആർ. സരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. പി. രാമചന്ദ്രൻ, ജില്ലാ എക്‌സി ക്യൂട്ടീവ് അംഗം പി.ബി. രതീഷ് , ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.എൻ. മോഹനൻ, വി.ടി. യോഹന്നാൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി. കെ. വിജയൻ, എക്‌സി ക്യൂട്ടീവ് അംഗങ്ങളായ സി.ടി. ഉലഹന്നാൻ, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു.