
വൈപ്പിൻ : ഉത്സവ പ്രേമികൾക്ക് നിരാശ. ജില്ലയിൽ ഏറ്റവും കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്ന ചെറായി പൂരം ഇക്കുറിയില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ചടങ്ങിലൊതുക്കും. അതേസമയം ക്ഷേത്രച്ചടങ്ങുകളെല്ലാം പതിവ്‌പോലെ നടക്കും. കൊടിയേറ്റം, തൈപ്പൂയാഭിഷേകം, പള്ളിവേട്ട, ആറാട്ട്, ദിവസേനയുള്ള കൊടിക്കൽപ്പറ എന്നിവ ആചാര പ്രകാരം തന്നെ നടക്കും. പ്രസാദ ഊട്ട് വിവിധ കലാപരിപാടികൾ, കാവടിഘോഷയാത്രൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. തൈപ്പൂയാഭിഷേകത്തിന് ഇളനീർ, തേൻ, പനിനീർ തുടങ്ങിയവ ഭക്തർ കൊണ്ടുവരുന്നത് ഇത്തവണ അനുവദിക്കില്ല. ഇവ ക്ഷേത്രം കൗണ്ടറിൽ നിന്ന് ലഭ്യമാകും.തെക്ക്, വടക്ക് ഭാഗങ്ങളായി വാശിയോടെയാണ് ചെറായി പൂരം നടത്തുന്നത്. പൂരം ഉപേക്ഷിച്ചതോടെ ചേരുവാര കമ്മിറ്റികളുടെ പ്രവർത്തനവും ഉത്സവപ്പിരിവുകളും ഉപേക്ഷിച്ചു. സഭാംഗങ്ങളിൽ നിന്ന് 500 രൂപ വീതം വാങ്ങുന്ന ഉത്സവപ്പിരിവ് ഇത്തവണയുമുണ്ടാകും. ഈ പിരിവ് ക്ഷേത്രഭാരവാഹികൾ നേരിട്ട് നടത്തും. ജനുവരി 20ന് വൈകീട്ട് 7.30ന് ഉത്സവത്തിന് കൊടിയേറും. തുടർന്നുള്ള ദിവസങ്ങളിൽ സ്‌ക്കന്ദപുരാണപാരായണം, നാരായണീയപാരായണം, ഗുരദേവകീർത്തനാലാപനം എന്നിവ രാവിലെയുണ്ടാകും. 28ന് രാവിലെ 6 മുതൽ തൈപ്പൂയാഭിഷേകം, രാത്രിപള്ളിവേട്ട, 29ന് രാവിലെ 8.30ന് ശ്രീ ബലി, പിറ്റേന്ന് പുലർച്ചെ 3.30ന് ആറാട്ട്. താന്ത്രികച്ചടങ്ങുകൾക്ക് തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവർ കാർമ്മികത്വം വഹിക്കും. ഉത്സവച്ചടങ്ങുകൾക്ക് പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ, സെക്രട്ടറി എ.എ. മുരുകാനന്ദൻ, മുതൽപിടി സുധീഷ്, സ്‌കൂൾ മാനേജർ അഡ്വ. എൻ.എസ്. അജയ്, ദേവസ്വം മാനേജർ ഗോപി എന്നിവർ നേതൃത്വം നൽകും.