
കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികളായ ശിവശങ്കറും സ്വപ്ന സുരേഷും ഏഴു തവണ യു.എ.ഇ.യിലേക്ക് ഒരുമിച്ചു പോയിട്ടുണ്ടെന്നും, ഈ യാത്രകളുടെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കോടതിയിൽ കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് എറണാകുളം അഡി. സി.ജെ.എം കോടതിയിൽ കസ്റ്റംസിന്റെ സീനിയർ അഭിഭാഷകൻ ഇക്കാര്യം വിശദീകരിച്ചത്.
ഒരുമിച്ചുള്ള യു.എ.ഇ യാത്രകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്. ഇതിന്റെ ചെലവ് വഹിച്ചത് ശിവശങ്കറാണ്. ഒരു സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഇത്തരം യാത്രകളിൽ അസ്വാഭാവികതയുണ്ട്. കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്നും, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കറിനു മാത്രമാണ് ഇനിയും ജാമ്യം ലഭിക്കാനുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വാദം പൂർത്തിയായതോടെ, ശിവശങ്കർ കസ്റ്റംസിന് ഏറ്റവുമൊടുവിൽ നൽകിയ മൊഴി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന്, ജാമ്യാപേക്ഷ ഇന്നു വിധി പറയാൻ മാറ്റി.
കോൺസുലേറ്റിന്റെ
പ്രവർത്തനം സ്തംഭിച്ചു
സ്വപ്നയടക്കമുള്ള പ്രതികൾ ശിവശങ്കറിന്റെ സഹായത്തോടെ നടത്തിയ സ്വർണക്കടത്ത് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അഭിഭാഷകൻ വിശദീകരിച്ചു. സ്വർണക്കടത്ത് കേസിനെത്തുടർന്ന് തിരുവനന്തപുരത്തെ യു.എ.എ കോൺസുലേറ്റിന്റെ പ്രവർത്തനം സ്തംഭിച്ചു. സ്വർണക്കടത്തു കേസിൽ ആരെയൊക്കെയാണ് പ്രതികളെന്ന് ശിവശങ്കറിന് അറിയാം.
കാൻസർ സംശയിക്കുന്ന
മെഡിക്കൽ റിപ്പോർട്ട്
ശിവശങ്കറിന് മേൽത്താടിയിൽ കാൻസർ ബാധ സംശയിക്കുന്ന 2015 ലെ മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് അമൃത ആശുപത്രിയിൽ ചികിത്സ തേടിയ വിവരം നേരത്തെ ശിവശങ്കർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. മെഡിക്കൽ രേഖകൾ ഹാജരാക്കിയിരുന്നില്ല. ആറു വർഷം മുമ്പുള്ള ഇൗ റിപ്പോർട്ടിനെ കസ്റ്റംസ് എതിർത്തു. രോഗമുണ്ടെങ്കിലും ശിവശങ്കർ പലതവണ വിദേശയാത്ര നടത്തിയിരുന്നെന്നും കസ്റ്റംസ് വാദിച്ചു.അറസ്റ്റിലായി ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ശിവശങ്കറിനെതിരെ തെളിവുകൾ ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം.
റെസി ഉണ്ണിയെ ഉടൻ ചോദ്യംചെയ്യും
തിരുവനന്തപുരം : ലൈഫ് മിഷൻ ക്രമക്കേടിന്റെയടക്കം വിവരങ്ങൾ എം.ശിവശങ്കർ പങ്കുവച്ച റെസി ഉണ്ണിയെ ഉടൻ ഇ.ഡി ചോദ്യംചെയ്യും. ലൈഫ് മിഷനിലെ മുൻ പ്രോഗ്രാം കോ ഓർഡിനേറ്ററാണ് ഈ വനിത. അനെർട്ടിലെ പ്രോഗ്രാം കോ ഓർഡിനേറ്ററായ ഇവർ ശിവശങ്കറുമായുള്ള പരിചയത്തെ തുടർന്നാണ് ലൈഫ് മിഷനിൽ എത്തിയത്. സ്വർണക്കടത്ത് വിവാദത്തിനു പിന്നാലെ ഇവർ ലൈഫ് മിഷനിൽനിന്നു മടങ്ങി. അനെർട്ടിൽനിന്ന് അവധിയെടുത്ത് ഹൈദരാബാദിലേക്കു പോയി.
സ്വപ്നയും സംഘവുമായി നടത്തിയ ഇടപാടുകളെല്ലാം ശിവശങ്കർ വാട്സാപ്പിൽ റെസി ഉണ്ണിയുമായും പങ്കുവച്ചിരുന്നു. ഇവരുടെ ഭർത്താവുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ട്. ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് റെസി ഉണ്ണി എന്ന പേരിലാണ് ഇവരുടെ നമ്പർ ശിവശങ്കർ മൊബൈലിൽ സേവ് ചെയ്തിരുന്നത്. അനെർട്ടിന്റെ ചുമതലയുണ്ടായിരുന്ന കാലത്തും ശിവശങ്കർ റെസി ഉണ്ണിയെ സഹായിച്ചിരുന്നു. സെന്റർഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന് (സി.എം.ഡി) അനുമതിയില്ലാതെ 90 ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് റെസി ഉണ്ണിക്കെതിരെ വിജിലൻസ് അന്വേഷണമുണ്ട്. ഒന്നരവർഷം സസ്പെൻഷനിലായിരുന്നു. ഈ സർക്കാരാണ് തിരിച്ചെടുത്തത്. അനെർട്ടിൽ സ്ഥാനമേൽക്കാതെ ലൈഫ് മിഷനിലേക്കു പോവുകയായിരുന്നു. ഭർത്താവും ഒരു സർക്കാർ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥനാണ്.