bypass

പെരുമ്പാവൂർ : കാത്തിരിപ്പിന് വിരാമമാകുന്നു. പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ മിന്നൽ വേഗത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് അന്തിമ രൂപമായി. കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചു ധാരണയായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ കഴിഞ്ഞ ഒന്നര മാസമായി നടപടിക്രമങ്ങൾ ഇഴയുകയായിരുന്നു.

ഡ്രാഫ്റ്റ് പ്രഖ്യാപനം
ജനുവരി അവസാനം

പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥലവില നിർണയം ഉടൻ തന്നെ പൂർത്തീകരിക്കും.ഇതിനായി പദ്ധതി പ്രദേശം സന്ദർശിച്ച് വേഗത്തിൽ റിപ്പോർട്ട് തയ്യാറാക്കും. ജനുവരി അവസാനത്തോടെ ഈ നടപടികൾ പൂർത്തിയാക്കി പദ്ധതിയുടെ ഡ്രാഫ്റ്റ് പ്രഖ്യാപനത്തിലേക്ക് കടക്കും. പുനരധിവാസ പാക്കേജിന്റെ നടപടികളും ഇതിനൊപ്പം പൂർത്തീകരിക്കും. പദ്ധതിയുടെ സർവേ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബ്ലോക്ക് 117ന്റെ സർവേ റിക്കോർഡ് മാത്രമാണ് അവശേഷിക്കുന്നത്. ഇതും രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. കെട്ടിടങ്ങളുടെ വില നിർണയം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർക്ക് ഈ മാസം തന്നെ സമർപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് എം.എൽ.എ യോഗത്തിൽ നിർദ്ദേശിച്ചു. ഇത് പരിശോധിച്ചു ജനുവരിയിൽ ജില്ല ഭരണകൂടത്തിന് കൈമാറും.

തിരുത്തൽ രണ്ടാഴ്ചക്കകം
ടൗൺ ബൈപ്പാസിന്റെ രണ്ടാംഘട്ടം സംബന്ധിച്ച പദ്ധതി രേഖയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കും. ഇതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തികരിക്കുവാൻ കിറ്റ്‌കോ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള കിഫ്ബി നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാം ഘട്ടതിനായി മാത്രം 170. 53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതോടെ ബൈപ്പാസ് രണ്ട് ഘട്ടങ്ങളിലായി പൂർത്തികരിക്കുന്നതിനുള്ള ചെലവ് 200 കോടി കടക്കും.

ഗതാഗതക്കുരുക്ക് അഴിയും
പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽല്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.