കൊച്ചി: വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ പ്രത്യേക യോഗം വിളിച്ചുചേർത്തു. കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സി.എസ്.എം.എൽ( സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ) സി.ഇ.ഒ ജാഫർമാലിക് , കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി, പി.ഡബ്‌ള്യു.ഡി,
കെ.എം.ആർ.എൽ, ജി.സി.ഡി.എ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കോർപ്പറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജീനീയർ എന്നിവരും പങ്കെടുത്തു. നഗരത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിശദീകരണം നൽകി .
വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിന് പ്രാദേശികതലത്തിൽ വിവിധ വകുപ്പുകൾ അടങ്ങുന്ന ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. പദ്ധതികളുടെ പുരോഗതി പരിശോധിക്കുന്നതിനായി എല്ലാ മാസവും അവലോകന യോഗം ചേരും. കലൂർ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലെ വെള്ളക്കെട്ട്
പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കളക്ടർ, കെ.എസ്.ഇ.ബി, കെ.എം.ആർ.എൽ, പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം സ്ഥലപരിശോധന നടത്തും. നഗരത്തിലെ വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്നും എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മേയർ യോഗത്തിൽ അറിയിച്ചു.