കൊച്ചി: മഹാപ്രളയത്തിന് ശേഷം ചേരാനെല്ലൂർ പഞ്ചായത്തിലെ വീടുകൾ തകർന്നവർക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡൻ എം.പി ആരംഭിച്ച തണൽ ഭവന പദ്ധതിയിൽ 53 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് കൈമാറി.

ചേരാം ചേരാനെല്ലൂരിനൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് അന്ന് എം.എൽ.എയായിരുന്ന ഹൈബി ഈഡൻ പദ്ധതി ആരംഭിക്കുന്നത്. തുടർന്ന് എം.പിയായതിന് ശേഷം പാർലമെന്റ് മണ്ഡലത്തിലേക്ക് തണൽ ഭവന പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. 67 വീടുകളാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. അതിൽ 53 എണ്ണമാണ് കൈമാറിയത്.

2018 സെപ്‌തംബർ 18 ന് 79 വയസുകാരിയായ കമലാക്ഷി ബാലകൃഷ്ണന്റെ ഭവനത്തിന് തറക്കല്ലിട്ട്‌കൊണ്ടാണ് തണൽ ഭവന പദ്ധതി ആരംഭിച്ചത്. റോട്ടറി ക്‌ളബ് ഒഫ് കൊച്ചിൻ ഗ്‌ളോബൽ ആയിരുന്നു ആദ്യ ഭവനത്തിന്റെ സ്‌പോൺസർ. പിന്നീട് വിവിധ റോട്ടറി ക്‌ളബുകൾ, ലയൺസ് ക്‌ളബുകൾ, മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ, വി.കെ.എൽ ഗ്രൂപ്പ്, ആസ്റ്റർ മെഡിസിറ്റി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്, ഫെഡറൽ ബാങ്ക്, കോൺഫിഡന്റ് ഗ്രൂപ്പ്, കേരള മർച്ചൻസ് ചേംബർ ഒഫ് കൊമേഴ്‌സ്, സത്യ സായി ട്രസ്റ്റ്, ഹാർട്ട് കെയർ ഫൗണ്ടേഷൻ, സിന്തൈറ്റ് ഗ്രൂപ്പ്, മണപ്പുറം ഫൗണ്ടേഷൻ, എ.പി.ജെ ഗ്രൂപ്പ് തുടങ്ങി വിവിധ സന്നദ്ധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളിയാവുകയായിരുന്നു.

കാസർകോട് രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് അനാഥമായ കൃപേഷിന്റെ കുടുംബത്തിന് ഭവനം നിർമ്മിച്ചതും, മിസ്റ്റർ വേൾഡ് പുരസ്‌ക്കാരം സ്വന്തമാക്കിയ ചിത്തരേശ് നടേശൻ ഭവനമൊരുക്കിയതും തണൽ ഭവന പദ്ധതിയായിരുന്നു. ചിത്തരേശിന്റെ വീടിന്റെ നിർമ്മാണത്തോടെ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബനും തണൽ ഭവന പദ്ധതിയിൽ പങ്കാളിയായി.

ചേരാനല്ലൂർ പഞ്ചായത്തിൽ രാജീവ് നഗർ കോളനിയിൽ പദ്ധതിയുടെ ഭാഗമായി ഐ.എം.എ കൊച്ചിയുടെ സഹായത്തോടെ 18 ടോയ്ലെറ്റുകൾ നിർമ്മിച്ച് നല്കി. ബാക്കിയുള്ള 14 വീടുകൾ മാർച്ച് മാസത്തിനകം പൂർത്തീകരിക്കുമെന്ന് എം.പി പറഞ്ഞു.