
കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ക് വ്യവസായിയുടെ 726 കോടിരൂപയുടെ സമർപ്പണം ഏറ്റെടുക്കുന്നത് വൈകിയത് വിവാദമായതോടെ സർക്കാർ അടിയന്തര യോഗം വിളിച്ചു. ഇന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിലെത്തി കൊച്ചിൻ ദേവസ്വം ബോർഡിനോട് നേരിട്ട് വിശദീകരണം തേടും.
സമർപ്പണം പ്രഖ്യാപിച്ച വ്യവസായി ഗണശ്രാവൺ തന്റെ ആഗ്രഹം വൈകുന്നുവെന്ന് മന്ത്രിയെ നേരിൽ കണ്ട് അറിയിച്ചതോടെയാണ് സർക്കാരിന്റെ ദ്രുതനീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലുള്ളപ്പോഴാണ് യോഗം. ഗണശ്രാവണനും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഗണശ്രാവൺ ഒരു വർഷം മുമ്പ് സമർപ്പണം നടത്താൻ ദേവസ്വം ബോർഡിനോട് അനുമതി തേടിയെങ്കിലും അധികൃതർ അലംഭാവം കാട്ടി. പിന്നീട് 200 കോടി രൂപയുടെ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് ചീഫ് കമ്മിഷണർ, സ്പെഷ്യൽ കമ്മിഷണർ, സെക്രട്ടറി തുടങ്ങിയവരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ അലംഭാവും കാട്ടുന്നതായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പരാതിയും ഉയർന്നിരുന്നു.
ഒരു നൂറ്റാണ്ടിനിടെ രാജ്യത്തെ ഒരു ആരാധനാലയത്തിലും ഇത്രയും ഉയർന്ന തുകയുടെ സമർപ്പണം ഒരു വ്യക്തി നടത്തിയിട്ടില്ല.
പദ്ധതിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി തേടുമെന്ന് ഒരു മാസം മുമ്പ് കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.
ചോറ്റാനിക്കരയെ ക്ഷേത്രനഗരിയാക്കാനായിരുന്നു ഗണശ്രാവണിന്റെ പദ്ധതി.
കൂടിയാലോചകളിലൂടെ തീരുമാനം
ചോറ്റാനിക്കര ദേവീഭക്തനായ ഗണശ്രാവണൻ നേരിൽ കണ്ട് പദ്ധതി വൈകുന്നതിലെ പരിഭവം അറിയിച്ചിരുന്നു. അതിനാലാണ് ഇന്ന് യോഗം വിളിച്ചത്. എത്രയും പെട്ടെന്ന് ഉചിതതീരുമാനം എടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
കടകംപള്ളി സുരേന്ദ്രൻ
ദേവസ്വം മന്ത്രി