drone

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകം കരകയറാനൊരുങ്ങുമ്പോൾ 2021 നൽകുന്നത് ഏറെ പ്രതീക്ഷകൾ. കൃത്രിമബുദ്ധി, റോബോട്ടിക്‌സ്, ഡ്രോണുകൾ, വാഹനങ്ങളുടെ യന്ത്രവത്കരണം, 5ജി കണക്ടിവിറ്റി, വിർച്വൽ ആൻഡ് ആഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് സേവനം എന്നിവയിൽ വൻവളർച്ച പ്രതീക്ഷിക്കാം. ബിസിനസ് സാങ്കേതികവിദ്യയിൽ കൃത്രിമബുദ്ധി, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് അധിഷ്ഠിത സ്വഭാവം, ഓട്ടമേഷൻ എന്നിവയിലും വൻവളർച്ചയുണ്ടാകും. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസംസ്‌കരണം എന്നിവ കൂടുതൽ കരുത്താകും.തൊഴിലാളികൾക്കും അഭ്യസ്‌തവിദ്യരായ യുവതീയുവാക്കൾക്കും തൊഴിൽ ലഭ്യതയ്‌ക്കും മികവിനും നൈപുണ്യവികസനം അത്യന്താപേക്ഷിതമാകും. ബിരുദം, ബിരുദാനന്തര പഠനം, ഗവേഷണം എന്നിവ ഒരേവിഷയത്തിൽ തുടരുന്ന രീതിക്ക് മാറ്റം വരും. തൊഴിലുകൾ മാറുന്ന പ്രവണത വർദ്ധിക്കും. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ വളർച്ച പ്രതീക്ഷിക്കാം.

കാർഷിക മേഖലയിൽ സുസ്ഥിര വികസനത്തിനിണങ്ങിയ സ്റ്റാർട്ടപ്പുകൾ രൂപപ്പെടും. 2021ൽ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കും. മാനേജ്‌മെന്റ്, ബിസിനസ്, വ്യാപാരമേഖലകളിൽ ഇത് പ്രകടമാകും. തൊഴിലാളികൾ ഇപ്പോഴത്തെ കംഫർട്ട് സോണിൽ നിന്ന് പുത്തൻ രീതികളിലേക്ക് മാറേണ്ടിവരും. വർക്ക് ഫ്രം ഹോം തുടരും.ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ പൊതു, ഉന്നതവിദ്യാഭ്യാസ മേഖലകളിൽ ഭാഷാപഠനം, നൈപുണ്യവികസനം എന്നിവയിൽ മാറ്റങ്ങളുണ്ടാകും. ഇന്റർ ഡിസിപ്ലിനറി ഗവേഷണം, റെഗുലേറ്ററി സിസ്റ്റം, പൊതുപരീക്ഷകൾ, വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിനിംഗ് കോഴ്‌സുകൾ, കോളേജുകളുടെ സ്വയംഭരണാവകാശം എന്നിവയിൽ മാറ്റം പ്രതീക്ഷിക്കാം. ഡിജിറ്റൽ സാങ്കേതികവിദ്യ വൻവളർച്ച കൈവരിക്കും. അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡന്റാകുന്നതോടെ സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ്, സ്‌ക്കിൽ വികസനം, ഗവേഷണ പ്രോഗ്രാമുകൾ തുടങ്ങിയവ കരുത്താർജിക്കും. ഒ1വിസയ്ക്ക് കൂടുതൽ ഇന്ത്യക്കാർ അർഹത നേടും. ചൈന, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാന്ദ്യം തുടരും. യു.കെ, അമേരിക്ക, ന്യൂസിലാൻഡ്, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കും.