കൊച്ചി: കാലാവസ്ഥാമുന്നറിയിപ്പ് കാരണം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത നഷ്ടം നികത്താൻ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന് ദുരന്തനിവാരണ വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു.
റോഡപകടം, മുങ്ങിമരണം തുടങ്ങിയ അപകടങ്ങളെ ചെറുക്കുന്നതിന് സുരക്ഷാ മുൻകരുതലുകൾ സ്‌കൂൾതലങ്ങളിൽ പാഠ്യവിഷയമാക്കണം. മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കാനും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ഇത്തരം ബോധവത്കരണമാർഗങ്ങൾ സഹായകരമാകും. ദുരന്ത സാദ്ധ്യതകൾ മനസിലാക്കി മുൻകരുതലെടുക്കുന്നതാണ് പ്രകൃതിദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു.
സി.എം.എഫ്.ആർ.ഐ. നടത്തിവരുന്ന സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്. സി.എം.എഫ്.ആർ.ഐ.ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ, സ്വച്ഛഭാരത് നോഡൽ ഓഫീസർ ഡോ.ശ്യാം എസ്. സലീം, ഡോ. രേഖ ജെ. നായർ, ഡോ. മിറിയം പോൾ ശ്രീറാം എന്നിവർ പ്രസംഗിച്ചു.