pinarayi-vijayan

കൊച്ചി: അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്നത് കേരള പര്യടനത്തിൽ ലഭിച്ച വിവിധ നിർദ്ദേശങ്ങൾ സമാഹരിച്ചാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാദ്ധ്യമാക്കണമെന്നതാണ് സർക്കാർ നയം. നാലര വർഷത്തി​നി​ടെ ചരി​ത്രത്തിൽ ഇതേവരെ ഉണ്ടാകാത്ത വിവിധ പ്രതിസന്ധികൾ ഒന്നിനുപിറകേ ഒന്നായി വന്നിട്ടും കേരളത്തിന്റെ വികസനം മികച്ചരീതിയിൽ മുന്നോട്ടു കൊണ്ടുപോകാനായി​.

പ്രകടനപത്രികയിൽ അക്കമിട്ട് നിരത്തിയ 600 വാഗ്ദാനങ്ങളിൽ 570 ഉം നടപ്പിലാക്കി.

അഴിമതിരഹിത, നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന ഖ്യാതി ആഗോളതലത്തിൽ കൈവരിക്കാൻ സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ബഹുരാഷ്ട്ര കമ്പനികൾ നിക്ഷേപത്തിന് തയ്യാറായി. കൂടുതൽ കമ്പനികൾ ഇനി​യും വരും. ഒരു കാലാവസ്ഥക്കെടുതിക്കും തകർക്കാനാവാത്ത കേരളത്തിന്റെ സൃഷ്ടിയാണ് പ്രളയാനന്തരം ആരംഭിച്ച പുനർനിർമ്മാണ പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ജില്ലയിൽ നിശ്ചയിച്ച മുഖാമുഖം പരിപാടി മറ്റൊരു ദിവസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.ഡി.എം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മുരളി തുമ്മാരുകുടി, കെ.എൽ. മോഹനവർമ്മ, സ്വാമി ശിവസ്വരൂപാനന്ദ, ബിഷപ്പ് ഗ്രിഗോറിയോസ്, ബിഷപ്പ് തിയോഡോസിയസ്, മുൻ എം.പി പി. രാജീവ്, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സി.എൻ. മോഹനൻ, ഗോപി​ കോട്ടമുറി​ക്കൽ, സത്യൻ മൊകേരി, എം.എൽ.എമാരായ എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, കെ.ജെ. മാക്‌സി തുടങ്ങിയവർ പങ്കെടുത്തു.