pinarayi

കൊച്ചി: വികസന സങ്കൽപ്പങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സുപ്രധാന നിർദേശങ്ങളുയർന്നു. യോഗത്തിൽ നേരിട്ട് അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർക്കും വിശദമായി എഴുതി നൽകാനും അവസരമുണ്ടായിരുന്നു. പ്രൊഫ. എം.കെ. സാനുവാണ് അഭിപ്രായപ്രകടനങ്ങൾക്ക് തുടക്കമിട്ടത്. ജനങ്ങളുടെ അഭിപ്രായം മാനിച്ചും പരിഗണിച്ചും മുന്നോട്ട് പോകുന്ന രീതി ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണെന് സാനു പറഞ്ഞു.

 സുപ്രധാന നിർദ്ദേശങ്ങൾ


 എൻ.എസ്. മാധവൻ
സർക്കാർ ക്ഷേമപെൻഷനുകൾ ഒരു കുടക്കീഴിലാക്കി എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന യൂണിവേഴ്‌സൽ ബേസിക് ഇൻകം പദ്ധതി നടപ്പാക്കണം.

 ഡോ. ജോസ് ചാക്കോ പെരിയപ്പുറം

അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്തെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. ജീവിച്ചിരിക്കുന്ന വ്യക്തികളുടെയും മരിച്ച വ്യക്തികളുടെയും അവയവ മാറ്റം സംബന്ധിച്ച് ക്രമീകരണമുണ്ടാക്കണം.

 മുരളി തുമ്മാരുകുടി
നിർമ്മിത ബുദ്ധി രംഗത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കണം. കൊവിഡിനെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഷെയേഡ് വർക്ക് സ്‌പേസ് സജ്ജമാക്കണം.

 ജോസ് ഡൊമിനിക്ക്

ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഫാം ബൂമിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം.

 കെ.എൽ. മോഹനവർമ്മ
ജലസ്രോതസുകളെ പ്രയോജനപ്പെടുത്തി വാട്ടർ ഒളിംപിക്‌സ് ആരംഭിക്കണം. മഴക്കാടുകളിലെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തണം.

 ഹരികുമാർ , എം.ഡി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

വേൾഡ് ഇക്കണോമിക് ഫോറം ഇൻഡക്‌സിന്റെ മാതൃകയിൽ കേരളത്തിൽ പഠനം നടത്തണം. വ്യാവസായിക രംഗത്തുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്നതിനാണിത്. സംസ്ഥാനത്തിന് മാത്രമായി പ്രത്യേക കയറ്റുമതി നയം രൂപീകരിക്കണം.

 സ്വാമി ശിവസ്വരൂപാനന്ദ
ജാതിയില്ലാ വിളംബരവുമായി ബന്ധപ്പെട്ട് അദ്വൈതാശ്രമം സമർപ്പിച്ച നിർമ്മാണ പദ്ധതിക്ക് സഹായം നൽകണം.

പൊതു ശൗചാലയങ്ങൾ നിർമ്മിക്കണം.

 ബിഷപ്പ് മാർ ഗ്രിഗോറിയോസ്
മാലിന്യ മുക്ത കേരളം കൂടുതൽ പ്രാധാന്യത്തോടെ നടപ്പാക്കണം. നിലവാരമുള്ള റോഡുകൾ നിർമ്മിക്കണം.

 ബിഷപ്പ് മാർ തിയോഡോസിയസ്
മുവാറ്റുപുഴ ജില്ല രൂപീകരിക്കണം.


 ബാലചന്ദ്രൻ ചുള്ളിക്കാട്
കേരളത്തിലെ ഇടതുപക്ഷ അവബോധം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. മതനിരപേക്ഷ, സോഷ്യലിസ്റ്റ് സംസ്‌കാരം പ്രചരിപ്പിക്കാൻ ഇവ സിലബസിൽ ഉൾപ്പെടുത്തണം.

 ഡോ. മ്യൂസ് മേരി ജോർജ്
ഓട്ടിസം, ഭിന്നശേഷി കുട്ടികൾക്കായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സ്‌കൂളുകൾ ആരംഭിക്കണം. വയോജനങ്ങൾക്കായുള്ള പകൽ വീടുകളുടെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കണം.

 ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി - തിരുവനന്തപുരം യാത്രാ സമയം കുറയ്ക്കുന്നതിന് ഗതാഗത സംവിധാനം ശക്തമാക്കണം.

 മധുസൂദനൻ , വി.സി. കൊച്ചി സർവകലാശാല
ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിന് ഊന്നൽ നൽകണം. പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കണം.