 
പറവൂർ: സ്വന്തമായി ഒന്നുമില്ലാത്ത സുരേഷ്‌കുമാറിന് ഇനി സ്വന്തമായൊരു സൈക്കിൾ ഉണ്ടെന്നു പറയാം. വീടില്ലാത്തതിനാൽ കടത്തിണ്ണകളിലായിരുന്നു താമസം. പാൽ, പത്രവിതരണമാണ് ഏക വരുമാനമാർഗം. ഇതിനായി പാൽകടക്കാരന്റെ സൈക്കിളിലാണ് ഇതെല്ലാം നടത്തിയിരുന്നത്. തിരഞ്ഞെടുപ്പിനിടെ പറവൂർ നഗരസഭ ഇരുപത്തിയൊന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സജി നമ്പ്യത്ത് യാദൃച്ഛികമായി സുരേഷ് കുമാറിനോട് വോട്ടു ചോദിച്ചെത്തി. വോട്ടും വീടുമില്ലെന്നായിരുന്നു മറുപടി. സജി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വീണ്ടു കണ്ടുമുട്ടിയപ്പോൾ സ്വന്തമായൊരു സൈക്കിളിന് അഭ്യർത്ഥിച്ചിരുന്നു. റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ ഭാരവാഹികളുമായി കൗൺസിലർ സംസാരിച്ചോൾ സുരേഷിന് ഇതു കൊടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. പുതിയൊരു ഹിറോ സൈക്കിൾ റോട്ടറി ക്ളബ് സുരേഷിന് സമ്മാനിക്കുകയായിരുന്നു.