
കൊച്ചി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിൽ വിശ്വാസികളെ പങ്കാളികളാക്കുന്നതിനായി ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെ കേരളത്തിൽ മഹാസമ്പർക്കം നടക്കുമെന്ന് വിശ്വഹിന്ദു പരിഷത് സെക്രട്ടറി ജനറൽ മിലിന്ത് പരാന്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 14,200 സ്ഥലങ്ങളിലായി 14 ലക്ഷം കുടുംബങ്ങളെ നേരിട്ട് കാണും.
സന്യാസിവര്യന്മാരും ഹിന്ദു സംഘടനാ നേതാക്കളും സമ്പർക്കത്തിന് നേതൃത്വം നൽകും. രാജ്യത്താകമാനമുള്ള വിശ്വാസികളെ നേരിൽ ബന്ധപ്പെട്ട് ക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമാക്കാൻ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വിശ്വഹിന്ദു പരിഷത്തിനോട് അഭ്യർത്ഥിച്ചതിന്റെ ഭാഗമായാണ് മഹാസമ്പർക്കത്തിന് രൂപം നൽകിയത്.
മകരസംക്രാന്തി ദിനമായ ജനുവരി 15ന് ദേശീയതല സമ്പർക്കം ആരംഭിക്കും. ക്ഷേത്ര നിർമ്മാണത്തിനാവശ്യമായ ധനശേഖരണവും നടക്കും. വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, എസ്.സഞ്ജയൻ, അഡ്വ.എസ്.സുഭാഷ്ചന്ദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.