ഫോർട്ട്കൊച്ചി: പുതുവത്സരത്തോടനുബന്ധിച്ച് ഫോർട്ടുകൊച്ചിയിലും പള്ളുരുത്തിയിലും പൊലീസ് ജാഗ്രത. ആൾക്കൂട്ടം, അകലം പാലിക്കാതെ നിൽക്കൽ, പത്ത് വയസിൽ താഴെയുള്ള കുട്ടികളുമായും 60 നുമേൽ പ്രായമുള്ളവരെ തിരക്കേറിയ സ്ഥലങ്ങളിൽ കാണുന്ന പക്ഷം നിയമ നടപടികൾ സ്വീകരിക്കും.
നിശ്ചിത സമയത്ത് പരിമിതമായ ആൾക്കാരെ മാത്രമേ ബീച്ചിൽ പ്രവേശിപ്പിക്കൂ. രാത്രി ആൾക്കൂട്ടവും ആഘോഷവും പാടില്ല. ബോട്ട്, ബസ് സർവീസിനു ശേഷം രാത്രി അനാവശ്യമായി ബീച്ചിലും പരിസരത്തും കാണന്നവർക്കെതിരെയും നടപടിയുണ്ടാകും. മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥരും ഇന്നു മുതൽ സജീവമാകും. പല സ്ഥലങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. കൊവിഡ് വ്യാപനം ഒഴിവാക്കാൻ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മട്ടാഞ്ചേരി അസി.കമ്മീഷ്ണർ അറിയിച്ചു.
പളളുരുത്തിയിലും കുമ്പളങ്ങിയിലും കാർണിവലും ആഘോഷങ്ങളും ഒഴിവാക്കി. വഴിയരികിൽ പപ്പാഞ്ഞി സ്ഥാപിച്ചും കൂട്ടമായി വീടുകളിൽ എത്തുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്.