
കൊച്ചി: ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ അശങ്ക. ചോറ്റാനിക്കര സ്വദേശിയായ 56കാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോടിന് പിന്നാലെയാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.23നാണ് 56കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വീട്ടുമുറ്റത്തെ കിണർ വെള്ളത്തിൽ നിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുടിവെള്ള ശ്രോതസുകളുടേത് ഉൾപ്പെടെ 12 സാമ്പളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ 140 വീടുകളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് സർവേ നടത്തി. ഒപ്പം ജനങ്ങൾക്ക് ബോധവത്കരണം നൽകി. ചോറ്റാനിക്കരയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. രോഗബാധ സംബന്ധിച്ച് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ ഓൺലൈനായി യോഗം ചേർന്നു. രോഗ ബാധിതയായ സ്ത്രീയുടെ വീട്ടിലെ അഞ്ച് അംഗങ്ങൾ ആരോഗ്യവാന്മാരാണ്. നേരത്തെ ഷിഗല്ല രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ അടിയന്തര യോഗം ചേർന്നിരുന്നു.
ജാഗ്രത പാലിക്കണം:
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണ് പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതൽ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കാനുള്ള സാദ്ധ്യതയും ഉണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക. രോഗ ലക്ഷണങ്ങളുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക തുടങ്ങിയവയാണ് രോഗബാധ തടയാനുള്ള പ്രധാന മാർഗങ്ങൾ. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൃത്യമായി ആരോഗ്യ പ്രവർത്തകരുമായി പങ്കു വയ്ക്കണം. ആശുപത്രികളിൽ ചികിത്സ തേടണം.