പള്ളുരുത്തി: ഭരണം തുടങ്ങും മുമ്പ് തന്നെ കുമ്പളങ്ങി പഞ്ചായത്തിൽ എ-ഐ പോര് രൂക്ഷമായി. ഭരണം നിലനിർത്തിയ പഞ്ചായത്തിൽ ചുമതലയേൽക്കുന്ന ദിവസം തന്നെ പഞ്ചായത്തംഗങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് യു.ഡി.എഫിനെ വെട്ടിലാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ ആഹ്ളാദ പ്രകടനത്തിൽ നിന്നും എ വിഭാഗം അംഗങ്ങൾ വിട്ടുനിന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൂസൻ ജോസഫ്, ജാസ്മിൻരാജേഷ്, വി.എ.ജോസി, ലില്ലിറാഫേൽ, എന്നീ കോൺഗ്രസ് പഞ്ചായത്തംഗങ്ങളാണ് പ്രതിഷേധിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സൂസൻ ജോസഫിനെ തഴഞ്ഞതിലും പാർട്ടി തീരുമാനം മുൻകൂട്ടി അറിയിക്കാത്തതിലുമായിരുന്നു പ്രതിഷേധം. കറുത്ത ബാഡ്ജ് ധരിച്ചാണ് ഇവർ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.