
നാഗാ ലോട്ടറി വില്പന അനുമതി സാന്റിയാഗോ മാർട്ടിന്
കൊച്ചി: സർക്കാരിന് കടുത്ത ആഘാതമേല്പിച്ച്, അന്യസംസ്ഥാന ലോട്ടറി വില്പന നിരോധിച്ച് സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറി വില്പനയിൽ ഇടപെടാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും കേന്ദ്രത്തിനാണ് അധികാരമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി കേരളത്തിൽ വിൽക്കുന്നത് നിരോധിച്ചത് ചോദ്യം ചെയ്ത് കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഉത്തരവ്. വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്യൂച്ചർ ഗെയിമിംഗ്. വിധിയോടെ, നാഗാലാൻഡ് ലോട്ടറിയുടെ വിപണനവും വില്പനയും കേരളത്തിൽ തടയാനാവില്ല.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് നാഗാലാൻഡ് ലോട്ടറികൾ വിൽക്കുന്നതെന്ന് കേരള സർക്കാരിന് പരാതിയുണ്ടെങ്കിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാമെന്ന് ഉത്തരവിൽ പറയുന്നു. മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികൾ വിൽക്കുന്നത് നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അങ്ങനെ ചെയ്യണമെങ്കിൽ ഒരു ലോട്ടറിയും വിൽക്കാത്ത സംസ്ഥാനമായിരിക്കണം. നിയമവിരുദ്ധമായാണ് ലോട്ടറി നടത്തിപ്പും വില്പനയുമെങ്കിൽ കേന്ദ്രത്തിന് മാത്രമാണ് ഇടപെടാൻ അധികാരം.
2005ലെ കേരള പേപ്പർ ലോട്ടറീസ് നിയന്ത്രണ നിയമത്തിൽ സംസ്ഥാനം വരുത്തിയ ഭേദഗതിക്കെതിരെയാണ് ഹർജി സമർപ്പിച്ചത്. 2018ലാണ് അന്യസംസ്ഥാന ലോട്ടറികളുടെ വില്പന നിരോധിച്ച് നിയമഭേദഗതി നിലവിൽവന്നത്.
1998ലെ കേന്ദ്ര നിയമ പ്രകാരം ലോട്ടറി വില്പന സംബന്ധിച്ച് നിയമം നിർമ്മിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. കേന്ദ്ര നിയമ പ്രകാരം ലോട്ടറി നടത്താനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് കഴിയും. പാർലമെന്റ് എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നതാണ് അധികാരം. അതിൽ മറ്റൊരു സംസ്ഥാനത്തിന് ഇടപെടാനാകില്ല. ഇടപെടുന്നത് അവരുടെ അധികാരത്തിൽ ഇടപെടുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.
നാഗാ ലോട്ടറി വില്പന അവകാശം
ലോട്ടറി നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സർക്കാർ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം സംസ്ഥാന സർക്കാരിന് നാഗാലാൻഡ് കൃത്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേന്ദ്ര നിർദ്ദേശങ്ങൾ നാഗാലാൻഡ് പാലിച്ചിട്ടില്ലെന്ന് കേരളത്തിന് പരാതിയില്ല. ഈ സാഹചര്യത്തിൽ ഹർജിക്കാർക്ക് കേരളത്തിൽ നാഗാലാൻഡിന്റെ ലോട്ടറി വിപണനവും വില്പനയും നടത്താൻ എല്ലാ അവകാശവുമുണ്ടെന്ന് കോടതി പറഞ്ഞു.
വരുന്നത് സാമ്പത്തികാഘാതം
തിരുവനന്തപുരം: അന്യ സംസ്ഥാന ലോട്ടറികൾ വീണ്ടും വരുന്നത് സംസ്ഥാനത്തിന് വൻ സാമ്പത്താകാഘാതമാകും.വൻതോതിൽ പണം പുറത്തേക്ക് ഒഴുകും. പ്രതിദിനം 40 കോടിരൂപയോളമാണ് സിക്കിം, മേഘാലയ തുടങ്ങിയ ലോട്ടറികൾ നേരത്തേ കൊണ്ടുപോയിരുന്നത്. ജി.എസ്. ടി നിലവിൽ വന്നതോടെ തന്നെ അന്യസംസ്ഥാന ലോട്ടറികളടെ മടങ്ങിവരവ് പ്രതീക്ഷിച്ചതാണ്. എന്നാൽ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവുമാണ് നികുതി നിരക്ക് അന്നുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ലോട്ടറി ജി.എസ്.ടി നിരക്ക് 28 ശതമാനമായി ഏകീകരിച്ചത് കേരളത്തിന് തിരിച്ചടിയായി. തുടർന്ന് സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വിലയും വർദ്ധിപ്പിച്ചു. ഇനി അന്യസംസ്ഥാന ലോട്ടറികളോട് പിടിച്ചു നിൽക്കണമെങ്കിൽ ടിക്കറ്റ് വില 40 രൂപയിൽ നിന്ന് 20രൂപയായി കുറയ്ക്കേണ്ടി വരും. ഇല്ലെങ്കിൽ ചുരുങ്ങിയ ടിക്കറ്റ് നിരക്കും വൻ സമ്മാനവുമായി അന്യസംസ്ഥാന ലോട്ടറികൾ കളം പിടിക്കും.
അപ്പീൽ നൽകുമെന്ന് സർക്കാർ
തിരുവനന്തപുരം: ലോട്ടറി കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. കേരള ലോട്ടറി ഏജന്റുമാരോട് നാഗാലാൻഡ് ലോട്ടറി ടിക്കറ്ര് എടുക്കരുതെന്നും സർക്കാർ നിർദ്ദേശിച്ചിട്ടിട്ടുണ്ട്. അതേസമയം കൃത്രിമം നടത്താതെ 28ശതമാനം നികുതിയടച്ച് അന്യസംസ്ഥാന ലോട്ടറികൾ ലാഭകരമായി നടത്താൻ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. സംസ്ഥാന പേപ്പർ ലോട്ടറി ആക്ട് പ്രകാരം ഇവയെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ജി.എസ്.ടി നിയമങ്ങൾ വഴി അന്യസംസ്ഥാന ലോട്ടറികളെ നിലയ്ക്ക് നിറുത്താനാകും സംസ്ഥാന സർക്കാർ ശ്രമിക്കുക. 28ശതമാനം നികുതിയിൽ 14 ശതമാനം സംസ്ഥാനത്തിനാണ് ലഭിക്കുക.