
കൊച്ചി: ഒന്നാംവിള സംഭരണത്തിനായി രജിസ്റ്റർ ചെയ്ത ജില്ലയിലെ 659 കർഷകരിൽ നിന്നായി ഇതുവരെ സംഭരിച്ചത് 510 മെട്രിക് ടൺ നെല്ല്. ജനവരിയിൽ ഒന്നാംവിള സംഭരണം പൂർത്തിയാകും. കഴിഞ്ഞ വർഷം സംഭരിച്ച 529 മെട്രിക് ടൺ എന്ന ലക്ഷ്യം മറികടക്കാനാകുമെന്ന് കരുതുന്നു.
കൊവിഡ് കാലത്തിനിടയിലും ജില്ലയിലെ നെല്ലുത്പാദനം പിറകോട്ട് പോയില്ല. രണ്ടാം വിള നെല്ല് സംഭരണത്തിനുളള രജിസ്‌ട്രേഷന് സപ്ലൈകോയുടെ ഓൺലൈൻ പോർട്ടൽ തുറന്നു. രജിസ്‌ട്രേഷൻ ഫെബ്രുവരി 15 വരെയുണ്ടാകും.
അപേക്ഷ പ്രിന്റ് എടുത്ത് കൃഷി ഭവനിൽ വീണ്ടും സമർപ്പിക്കേണ്ടതില്ല. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ എല്ലാ രേഖകളും നൽകണം. പാട്ട കർഷകർ പ്രത്യേക സത്യവാങ്മൂലം നൽകേണ്ടതില്ല. പാട്ടകൃഷി സംബന്ധിച്ച രേഖകൾ കൃഷിഭവനിൽ നൽകണം. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിന് നൽകേണ്ടതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കർഷകർ നിശ്ചിത നിലവാരമുളള നെല്ല് മാത്രം സംഭരണത്തിന് തയ്യാറാക്കണമെന്ന് സപ്ലൈകോയുടെ നെല്ല് സംഭരണ ഉദ്യോഗസ്ഥർ അറിയിച്ചു.